ആളെക്കൊല്ലി ഗെയിം; നീല തിമിംഗലം ലോകത്തിന് ഭീതിയാകുന്നു

By Web Desk  |  First Published May 3, 2017, 3:38 PM IST

മോസ്കോ: ബ്ലൂ വെയ്ല്‍ എന്ന ഓണ്‍ലൈന്‍ ഗെയിം ആണ് ഇപ്പോള്‍ വാര്‍ത്ത. ക്യാന്‍റിക്രഷ്, പോക്കിമോന്‍ ഗോ പോലുള്ള ഗെയിമുകള്‍ സൃഷ്ടിച്ചതരത്തിലുള്ള ജനപ്രിയ തരംഗമല്ല ഈ ഗെയിമിനെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ആളെക്കൊല്ലി ഗെയിം എന്നാണ് ഇപ്പോള്‍ ഇതിന് അന്തരാഷ്ട്ര മാധ്യമങ്ങളിലെ വിശേഷണം. ഈ ഗെയിമിന്‍റെ ജന്മനാടായ റഷ്യയില്‍ മാത്രം 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് വിവരം.

യു.എ.ഇയിലെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് എന്ന നിലയിലുള്ള ഒരു വാട്ട്‌സ്ആപ് സന്ദേശം ഖലീജ് ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'ബ്ലൂ വെയ്ല്‍ എന്ന ഗെയിം നിങ്ങളുടെ കുട്ടികള്‍ കളിക്കുന്നത് കണ്ടാല്‍ തടയണമെന്നും അതിന്‍റെ അമ്പതാം ഘട്ടത്തില്‍ കുട്ടിയെ ആത്മഹത്യയിലേക്കാണ് നയിക്കുന്നതെന്നും' സന്ദേശത്തില്‍ പറയുന്നു. കൗമാരക്കാരായ ചിലരുടെ മരണത്തിന് പിന്നാലെ ബ്രിട്ടനിലെ ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്കും ഗെയിമിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest Videos

കടല്‍ തീരങ്ങളിലടുക്കുന്ന തിമിംഗലങ്ങളുടെ ഇമേജ് ആത്മഹത്യ ഇമേജായി കരുതാറുണ്ട്. ഈ റഷ്യന്‍ ഗെയിമിന് ബ്ലൂ വെയ്ല്‍ എന്നു പേരിട്ടതും അതുകൊണ്ടു തന്നെ. പാതിരാത്രിയില്‍ ഹൊറര്‍ സിനിമകള്‍ കാണാനാണ് ആദ്യഘട്ടങ്ങളില്‍ ഗെയിം ചലഞ്ചായി ആവശ്യപ്പെടുക. പിന്നീട് കൈയിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ തൊലിയിലും കുത്തി മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. 

തെളിവായി ഫോട്ടോകള്‍ അയച്ചുകൊടുക്കാനും ഗെയിമില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ ഉപയോക്താവിന് ഭീഷണി സന്ദേശമാവും ലഭിക്കുക. ആകെ അമ്പത് സ്റ്റേജുകളുള്ള ഗെയിമിന്‍റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്. നിങ്ങള്‍ ഈ ഗെയിം ഒരുവട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നതും നിങ്ങളുടെ വിവരങ്ങള്‍ മുഴുവനും ഹാക്ക് ചെയ്യപ്പെടുന്നതും മറ്റൊരു ഗുരുതരമായ പ്രശ്‌നമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇത് ആദ്യമായല്ല അപകടകരമായ ഒരു ഗെയിം വാര്‍ത്തകളില്‍ നിറയുന്നത്. 2015ല്‍ 'ചാര്‍ലി ചാര്‍ലി' എന്ന ഗെയിമും ജീവന്‍ വച്ചാണ് കളിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. പ്രേതങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കുന്നെന്ന അവകാശവാദത്തോടെയാണ് ഈ ഗെയിം പ്രചരിച്ചത്. രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്ചീനമായി തുലനം ചെയ്തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ് എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. 

തുടര്‍ന്ന് 'ചാര്‍ലി'യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും. ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ് വിശ്വാസം. ഇത്തരം കളി ഇന്‍റര്‍നെറ്റില്‍ വ്യാപകമായതോടെ കൊളംബിയയില്‍ അടക്കം ഗെയിം നിരോധിച്ചിരുന്നു.

click me!