സങ്കീർണമായ ഗണിതശാസ്ത്ര, ശാസ്ത്ര പ്രശ്‌നങ്ങൾക്ക് എളുപ്പം ഉത്തരം നൽകാനാകുന്ന എഐ മോഡല്‍
പുതിയ ലാർജ് ലാംഗ്വേജ് മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺ എഐ. ദിവസങ്ങൾക്ക് മുമ്പാണ് ഒ വൺ (OpenAI o1) എന്ന ലാർജ് ലാംഗ്വേജ് മോഡൽ കമ്പനി അവതരിപ്പിച്ചത്. കമ്പനിയുടെ പ്രൊജക്ട് സ്‌ട്രോബറിയുടെ ഭാഗമായാണ് ഈ മോഡലിന്‍റെ വരവ്. ഒ വൺ, ഒ വൺ- മിനി എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് ഇതിനുള്ളത്. മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ സങ്കീർണമായ ഗണിതശാസ്ത്ര, ശാസ്ത്ര പ്രശ്‌നങ്ങൾക്ക് എളുപ്പം ഉത്തരം നൽകാനാകുന്ന, കൂടുതൽ വിചിന്തനശേഷിയുള്ള എഐ മോഡലാണ് ഇതെന്നാണ് ഓപ്പണ്‍ എഐയുടെ വാദം.
ഓപ്പൺ എഐയുടെ മറ്റ് ചില എഐ മോഡലുകളെ പോലെ ചിത്രങ്ങളും വീഡിയോകളും ശബ്ദവും തിരിച്ചറിയാൻ കഴിയുന്ന മൾട്ടി മോഡൽ എഐ അല്ല ഒ വൺ. എന്നാൽ മറ്റുള്ളവയേക്കാൾ കൂടുതൽ കൃത്യമായ ഉത്തരം നൽകാനുള്ള കഴിവ് ഇതിനുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ചാറ്റ് ജിപിടിയുമായി പുതിയ ചാറ്റ് ആരംഭിച്ചാൽ, ചാറ്റ് വിൻഡോയ്ക്ക് മുകളിലായി ചാറ്റ് ജിപിടി ഓട്ടോ എന്ന ഓപ്ഷൻ കാണാം. ടാപ്പ് ചെയ്താൽ o1- mini മോഡൽ തിരഞ്ഞെടുക്കാം.
മുൻപ് ചാറ്റ്ജിപിടിയുടെ വിവിധ സബ്‌സ്‌ക്രിപ്ഷൻ എടുത്തവർക്ക് മാത്രമായി ലഭ്യമായിരുന്ന സേവനമാണിത്. ഇപ്പോൾ ചാറ്റ്ജിപിടിയുടെ സൗജന്യ ഉപഭോക്താക്കൾക്കെല്ലാം ഇത് ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ ചോദിക്കുന്ന ചോദ്യങ്ങളെ വിവിധ ഭാഗങ്ങളാക്കി വിഭജിച്ച് വിശദമായി വിശകലനം ചെയ്യാൻ മനുഷ്യർക്ക് സമാനമായി ഈ പുതിയ എഐ മോഡലിനും സാധിക്കും. ഓപ്പൺ എഐയുടെ പുതിയ ലാർജ് ലാംഗ്വേജ് മോഡലും വലിയ ശ്രദ്ധ പിടിച്ചുപറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പണ്‍ എഐ 2022ല്‍ പുറത്തിറക്കിയ ചാറ്റ് ജിപിടി ഇതിനകം ജനപ്രിയ എഐ അധിഷ്‌ഠിത പ്രോഗ്രാമാണ്. ചാറ്റ് ജിപിടിയും ലാർജ് ലാംഗ്വേജ് മോഡൽ അടിസ്ഥാനമാക്കിയുള്ളതാണ്.
Read more: നെറ്റ്ഫ്ലിക്‌സ് ഇനി എല്ലാ സ്‌മാര്‍ട്ട്‌ഫോണിലും ലഭിക്കില്ല; ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം