എന്താണ് പേജര്‍? ലെബനന്‍ സ്ഫോടന പരമ്പരയ്ക്ക് കാരണമായ ഇത്തിരിക്കുഞ്ഞന്‍ ഉപകരണം

By Web Team  |  First Published Sep 18, 2024, 9:44 AM IST

ലെബനനിലെ നിഗൂഢ സ്ഫോടന പരമ്പരയിലേക്ക് നയിച്ചത് പേജർ എന്ന ചെറിയ ഉപകരണം


ബെയ്‌റൂത്ത്: ലെബനനിലെ 'പേജർ' സ്ഫോടന പരമ്പര രാജ്യാന്തര മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ നിറയുകയാണ്. ലെബനനില്‍ ഹിസ്‌ബുല്ല ഉപയോഗിക്കുന്ന അനേകം പേജറുകള്‍ ഒരേസമയം പൊട്ടിത്തറിക്കുകയായിരുന്നു. സ്ഫോടനങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പരിക്കേറ്റത് രണ്ടായിരത്തിലേറെ പേര്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ട്. എന്താണ് പേജര്‍ എന്ന ഉപകരണം എന്ന് വിശദമായി നോക്കാം. 

ലെബനനില്‍ നിഗൂഢ സ്ഫോടന പരമ്പരയിലേക്ക് നയിക്കുകയായിരുന്നു പേജർ എന്ന ചെറിയ ഉപകരണം. കൈവെള്ളയില്‍ ഒതുങ്ങുന്ന വലിപ്പം മാത്രമുള്ള കുഞ്ഞന്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണമാണിത്. ചെറിയ മെസേജുകളും അലര്‍ട്ടുകളും സ്വീകരിക്കാനും അയക്കാനുമായി ഇത് ഉപയോഗിക്കുന്നു. ബേസ് സ്റ്റേഷനില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി വഴിയാണ് പേജറുകള്‍ പ്രവര്‍ത്തിക്കുന്നത്. വരുന്ന സന്ദേശങ്ങള്‍ തെളിയാന്‍ ചെറിയൊരു ഡിസ്‌പ്ലെ പേജറില്‍ കാണാം. പേജര്‍ എന്ന ഉപകരണത്തിന് 'ബീപര്‍' എന്നൊരു ഓമനപ്പേര് കൂടിയുണ്ട്. സന്ദേശം എത്തുമ്പോള്‍ നേരിയ ശബ്ദമോ ബീപ്പോ വൈബ്രേഷനോ ഉണ്ടാക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് പേജറിന് വീണത് എന്ന് അനുമാനിക്കാം. 

Latest Videos

ന്യൂമറിക് പേജര്‍, ആല്‍ഫാന്യൂമറിക് പേജര്‍ എന്നിങ്ങനെ രണ്ട് തരം ഉപകരണങ്ങളുണ്ട്. പേര് പോലെ തന്നെ ന്യൂമറിക് പേജര്‍ ഫോണ്‍ നമ്പറുകള്‍ പോലെ എന്തെങ്കിലും അക്കങ്ങള്‍ മാത്രമാണ് തെളിക്കുക. ഇതാണ് ഏറ്റവും പേജറിന്‍റെ ഏറ്റവും അടിസ്ഥാന രൂപം. ആല്‍ഫാന്യൂമറിക് ആവട്ടെ നമ്പറും അക്ഷരങ്ങളും സ്ക്രീനില്‍ കാട്ടും. കൂടുതല്‍ വിശദമായ സന്ദേശം അയക്കാനും സ്വീകരിക്കാനും ആല്‍ഫാന്യൂമറിക് പേജര്‍ സഹായിക്കും. 

ഇന്നത്തെ മൊബൈല്‍ ഫോണുകളുടെ ആദിമ രൂപമായി പേജറുകളെ തോന്നാം. ആദ്യകാല മൊബൈല്‍ ഫോണുകളേക്കാള്‍ ചില ഗുണങ്ങള്‍ പേജറുകള്‍ക്കുണ്ട്. വലിയ കവറേജ് ഏരിയയാണ് ഇത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ പോലും പേജര്‍ ഉപയോഗിച്ച് കമ്മ്യൂണിക്കേഷന്‍ സാധ്യമാകും. വളരെ കുറച്ച് ഫീച്ചറുകള്‍ മാത്രമുള്ള ലളിതമായ ഒരു കമ്മ്യൂണിക്കേഷന്‍ ഉപകരണം എന്ന വിശേഷണമാണ് പേജറിന് ചേരുക. നവീന മൊബൈല്‍ ഫോണുകളിലെ പോലെ വോയ്സ് മെസേജ്, ടെക്സ്റ്റ് മെസേജ്, ഇന്‍റര്‍നെറ്റ് ആക്സസ്, വീഡിയോ കോളിംഗ് തുടങ്ങിയ വലിയ ഫീച്ചറുകളുടെ നിര പേജറുകള്‍ക്കില്ല. 

മൊബൈല്‍ ഫോണുമായി തട്ടിച്ചുനോക്കുമ്പോള്‍ ട്രേസ് ചെയ്യാന്‍ പ്രയാസമുള്ളതാണ് പേജറുകള്‍ എന്നതാണ് അതിന്‍റെ രഹസ്യാത്മകത. ഇതാണ്  സ്‌മാര്‍ട്ട്ഫോണുകളുടെ കാലത്തും പേജര്‍ ഉപയോഗിക്കാനുള്ള ഒരു കാരണം. ഉപയോഗിക്കാനുള്ള എളുപ്പവും ദീര്‍ഘമായ ബാറ്ററി ലൈഫും ഇപ്പോഴും എമര്‍ജന്‍സി സര്‍വീസുകള്‍ അടക്കം പേജര്‍ ഉപയോഗിക്കാന്‍ കാരണമാകുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ പേജര്‍ ദിവസങ്ങളോളം ഉപയോഗിക്കാം. മൊബൈല്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തയിടങ്ങളില്‍ ഇപ്പോഴും പേജറുകള്‍ എന്ന കുഞ്ഞന്‍ ഉപകരണത്തിന് പ്രസക്തിയുണ്ടെന്നത് മറ്റൊരു പ്രാധാന്യം. 

Read more: പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം, ശക്തമായ തിരിച്ചടിയെന്ന് ഹിസ്ബുല്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!