ആധാര്‍ വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചത് വലിയ സുരക്ഷാ ആശങ്ക സൃഷ്ടിച്ചിരുന്നു
ദില്ലി: ഇന്ത്യക്കാരുടെ ആധാറും പാന്‍ കാര്‍ഡും അടക്കമുള്ള സുപ്രധാന വ്യക്തി വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ച വിവിധ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്‌തതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് വെബ്സൈറ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. വെബ്‌സൈറ്റുകള്‍ ആധാര്‍ ചട്ടം ലംഘിക്കുന്നതായി യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് ഈ നടപടി.
വെറുതെ പൂട്ടിച്ചതല്ല!
undefined
എന്തുകൊണ്ടാണ് ആധാറും പാന്‍ കാര്‍ഡും അടക്കമുള്ള വ്യക്തി വിവരങ്ങളുടെ ചോര്‍ച്ച തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. വളരെ സെന്‍സിറ്റീവായ ഇത്തരം ഡാറ്റകള്‍ ചോരുന്നത് പൗരന്‍മാരുടെ സ്വകാര്യത ഇല്ലാതാക്കും. മാത്രമല്ല, രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന വിഷയവുമായി ഇത്തരം ഡാറ്റാ ചോര്‍ച്ചകള്‍ മാറാം. വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക്‌വെബ്‌സൈറ്റുകളില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നതായി ഏറെ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതിനാല്‍ തന്നെ പൗരന്‍മാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുക സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമായി മാറുന്നു. അതിന്‍റെ ഭാഗമായാണ് അനുമതിയില്ലാതെ ആധാര്‍, പാന്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ച വെബ‌്‌സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്‌തത്. കൂടുതല്‍ ഡാറ്റ ചോര്‍ച്ചയുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം എന്ന നിലയ്‌ക്ക് കൂടിയാണ് വെബ്‌സൈറ്റുകള്‍ക്കെതിരെ ഐടി മന്ത്രാലയം ശക്തമായ നടപടിയിലേക്ക് നീണ്ടത്.
അറിയേണ്ട നിയമങ്ങള്‍
രാജ്യത്ത് വെബ്‌സൈറ്റുകളില്‍ അധാര്‍ ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ അനുമതിയില്ലാതെ പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്. 2011ലെ ഐടി റൂള്‍ The Information Technology (reasonable Security Practices And Procedures And Sensitive Personal Data Or Information) Rules 2011, വ്യക്തിവിവരങ്ങള്‍ അനുമതിയില്ലാതെ പ്രദര്‍ശിപ്പിക്കുന്നതും കൈമാറുന്നതും തടയുന്നു. ഇത്തരം വിവരങ്ങളുടെ ചോര്‍ച്ച സംഭവിച്ചു എന്ന് സംശയം തോന്നിയാല്‍ പരാതിപ്പെടാന്‍ ഈ രാജ്യത്ത് നിയമ സംവിധാനമുണ്ട്. സംസ്ഥാനങ്ങൾ നിയമിക്കുന്ന ഐടി സെക്രട്ടറിമാരായ പ്രത്യേക ഓഫീസർമാർക്കാണ് (Adjudicating Officers) പരാതി നൽകേണ്ടത്. വ്യക്തി വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കും കൈമാറിയവര്‍ക്കുമെതിരെ പിഴ ചുമത്താനും ഇരകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാനും ഈ ഉദ്യോഗസ്ഥര്‍ക്ക് ഐടി ആക്റ്റിലെ സെക്ഷന്‍ 46 പ്രകാരം അധികാരമുണ്ട്.
മുമ്പ് മുന്നറിയിപ്പ്, താക്കീത്
ഇപ്പോള്‍ വിലക്കിയിരിക്കുന്ന വെബ്‌സൈറ്റുകളെ കുറിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In) അന്വേഷണം നടത്തിയിരുന്നു. ഈ വെബ്‌സൈറ്റുകളില്‍ ഏറെ സുരക്ഷാ വീഴ്‌ചകളുണ്ട് എന്നായിരുന്നു സര്‍ക്കാര്‍ ഏജന്‍സിയുടെ കണ്ടെത്തല്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും നടപടികളും സെര്‍ട്ട്-ഇന്‍ നിര്‍ദേശിച്ചിരുന്നു. വളരെ സെന്‍സിറ്റിവായ ഡാറ്റകള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകള്‍ ഡിസൈനിലും ഡെവലപ്‌മെന്‍റിലും പ്രദര്‍ശനത്തിലുമടക്കം നിര്‍ബന്ധമായും പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് നിയമലംഘനത്തിന് വെബ്‌സൈറ്റുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം