വിനാശകാരിയായ മില്‍ട്ടണ്‍ കൊടുങ്കാറ്റിന് മീതെ പറന്ന് ബഹിരാകാശ നിലയം; ശ്വാസം അടക്കിപ്പിടിച്ച് കാണേണ്ട വീഡിയോ

By Web TeamFirst Published Oct 8, 2024, 12:10 PM IST
Highlights

കാറ്റഗറി 5ല്‍ ഉള്‍പ്പെടുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലൂടെ സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി അന്താരാഷ്ട്ര ബഹിരാകാശ നിലയം 

ഫ്ലോറിഡ: ഏറ്റവും അപകടകാരിയായ ചുഴലിക്കാറ്റുകളുടെ ഗണത്തില്‍പ്പെടുന്ന കാറ്റഗറി 5 കൊടുങ്കാറ്റായി രൂപാന്തരപ്പെട്ട മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്‍റെ ജാഗ്രതയിലാണ് അമേരിക്കന്‍ സംസ്ഥാനമായ ഫ്ലോറിഡ. പ്രവചനങ്ങളെല്ലാം തെറ്റിച്ച് ഇന്നലെ (ഒക്ടോബര്‍ 7) ശരവേഗത്തില്‍ കാറ്റഗറി അഞ്ചിലേക്ക് മില്‍ട്ടന്‍ രൗദ്രഭാവം കൈവരിക്കുകയായിരുന്നു. ഫ്ലോറിഡ‍ തീരത്ത് അതീവജാഗ്രതയും മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങളും യുദ്ധസമാനമായി നീങ്ങവേ കൊടുങ്കാറ്റിന്‍റെ യഥാര്‍ഥ രൂപം വ്യക്തമാക്കുന്ന വീഡിയോ ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ക്യാമറകള്‍. 

മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലൂടെ സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയം പകര്‍ത്തി. നിലയത്തിലെ ബാഹ്യക്യാമറകളാണ് കാഴ്‌ചയില്‍ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മില്‍ട്ടണ്‍ കൊടുങ്കാറ്റിന് മുകളിലൂടെ പറന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഈ കാഴ്‌ച ക്യാമറയിലാക്കിയത്. മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്‍റെ ഭീമാകാരമായ വ്യാപ്തിയും കണ്ണും ഈ വീഡിയോയില്‍ വ്യക്തമായി കാണാം. മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയം സാമൂഹ്യമാധ്യമമായ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 

At 10:28 a.m. EDT October 7, the space station flew over Hurricane Milton and external cameras captured views of the category 5 storm, packing winds of 175 miles an hour, moving across the Gulf of Mexico toward the west coast of Florida. pic.twitter.com/MTtdUosiEc

— International Space Station (@Space_Station)

Latest Videos

മണിക്കൂറില്‍ 180 മൈല്‍ അഥവാ 285 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റഗറി 5 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ഗല്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ഇന്നലെ മാറിയിരുന്നു. എന്നാല്‍ മില്‍ട്ടന്‍ ഇപ്പോള്‍ വേഗം കുറഞ്ഞ് കാറ്റഗറി നാലിലുള്ള ചുഴലിക്കാറ്റായിട്ടുണ്ട് എന്ന് അമേരിക്കയിലെ നാഷണല്‍ ഹറികെയ്‌ന്‍ സെന്‍റര്‍ വ്യക്തമാക്കി. 155 മൈലാണ് ഇപ്പോള്‍ കാറ്റിന്‍റെ വേഗം. ഫ്ലോറിഡ സംസ്ഥാനത്തെ ടാംപ പട്ടണത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കരകയറും എന്നാണ് പ്രവചനങ്ങള്‍.

സമീപകാലത്തെ ഏറ്റവും വേഗമേറിയ ചുഴലിക്കാറ്റുകളിലൊന്നിനെ നേരിടാന്‍ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് ഫ്ലോറിഡ സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടാന്‍ സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സാക്ഷ്യംവഹിക്കുകയാണ് ഫ്ലോറിഡ. 12 കോടിയിലധികം ജനങ്ങള്‍ നിരീക്ഷണത്തിലാണ്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും ഫ്ലോറിഡ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നു. ഹെലേന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ച് വെറും 10 ദിവസങ്ങള്‍ക്ക് ശേഷമാണ് അടുത്ത ചുഴലിക്കാറ്റ് അമേരിക്കയില്‍ കരകയറാനിരിക്കുന്നത്. 

Read more: മിഴി തുറക്കാന്‍ ആപ്പിള്‍ ഇന്‍റലിജന്‍സ്; ഐഒഎസ് 18.1 ലോഞ്ച് തിയതിയായി, വരിക അത്ഭുത ഫീച്ചറുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!