ബിഎസ്എന്‍എല്‍ ഉണര്‍വ് വീണ്ടെടുത്തതോടെ ശക്തമായ മത്സരമാണ് ടെലികോം രംഗത്ത് ദൃശ്യമാകുന്നത്
തിരുവനന്തപുരം: സ്വകാര്യ ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ (വിഐ) കേരളത്തില്‍ നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വിഐ 8,000 സൈറ്റുകളില്‍ പുതിയ 900 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം സ്ഥാപിച്ചതായാണ് ടെലികോംടോക് റിപ്പോര്‍ട്ട് ചെയ്യുന്നത്. മികച്ച ഇന്‍ഡോര്‍ കവറേജും വേഗതയാര്‍ന്ന ഇന്‍റര്‍നെറ്റും ഉപഭോക്താക്കളിലെത്തിക്കാന്‍ വോഡാഫോണ്‍ ഐഡിയ ഇതുവഴി ലക്ഷ്യമിടുന്നു.
'ഉപഭോക്താക്കള്‍ക്ക് സേവനം മെച്ചപ്പെടുത്തുന്നതിന്‍റെ ആദ്യ പടിയായാണ് സ്പെക്ട്രം അപ്ഗ്രേഡ് ചെയ്തിരിക്കുന്നത്. പരിധിയില്ലാത്ത കണക്റ്റിവിറ്റി വീട്ടിലും ജോലിസ്ഥലത്തും പൊതുസ്ഥലങ്ങളിലും ഉറപ്പാക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രെക്‌ച്ചര്‍ വികസിപ്പിക്കാന്‍ വരും മാസങ്ങളിലും ശ്രദ്ധ തുടരും. ഇതിനൊപ്പം ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകളും പ്ലാനുകളും നല്‍കുമെന്നും' വിഐയുടെ കേരള, തമിഴ്‌നാട് ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് ആര്‍ എസ് ശാന്താറാം വ്യക്തമാക്കി. കേരളത്തിലെ നമ്പര്‍ 1 മൊബൈല്‍ നെറ്റ്‌വര്‍ക്ക് എന്നാണ് വിഐക്ക് അദേഹം നല്‍കുന്ന വിശേഷണം.
ബിഎസ്എന്‍എല്‍ ഉണര്‍വ് വീണ്ടെടുത്തതോടെ ശക്തമായ മത്സരമാണ് ടെലികോം രംഗത്ത് ദൃശ്യമാകുന്നത്. സ്വകാര്യ കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച തക്കം നോക്കി മികച്ച ഓഫറുകളുമായി കളംനിറയുകയാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നില്ല. ഇതിനൊപ്പം 4ജി വ്യാപനത്തിലും ബിഎസ്എന്‍എല്‍ ശ്രദ്ധിക്കുന്നു. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിന്‍റെ വേഗമില്ലായ്മയെ കുറിച്ച് നാളുകളായി ഉയരുന്ന പരാതി ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യങ്ങള്‍ക്കിടെയാണ് വോഡാഫോണ്‍ ഐഡിയയും കേരളത്തില്‍ നെറ്റ്‌വര്‍ക്ക് വ്യാപനത്തില്‍ ശ്രദ്ധിക്കുന്നത്.
Read more: അലാസ്‌ക മലനിരകള്‍ കിടിലോസ്‌കി; മരങ്ങള്‍ക്ക് മീതെ കുടപോലെ 'നോര്‍ത്തേണ്‍ ലൈറ്റ്സ്'- ചിത്രങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം