വാഷിങ്ടണ്‍: ലോകത്തെ മുഴുവന്‍ ഞെട്ടിച്ച വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം ആര്‍ക്കുമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ ആരോപവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുയാണിപ്പോള്‍. ലോകത്താകമാനം വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ഡോളര്‍ നഷ്‌ടമുണ്ടാക്കിയ വൈറസ് ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്നാണ് അമേരിക്കയുടെ പുതിയ ആരോപണം.
ഇത് ആദ്യമായാണ് വാനാക്രൈയുടെ കാര്യത്തില്‍ പരസ്യമായൊരു ആരോപണവുമായി അമേരിക്ക രംഗത്ത് വന്നിരിക്കുന്നത്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്‌ടാവ് തോമസ് ബോസെര്‍ട്ടാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ആരോപണം ഉന്നയിച്ചത്. 150ല്‍പരം രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ലക്ഷത്തിലധികം കംപ്യൂട്ടറുകളെയാണ് അന്ന് വാനാക്രൈ ബാധിച്ചത്. കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലടക്കം ഇതിന്റെ ആക്രമണമുണ്ടായി. ബാങ്കുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും വ്യാപകമായി കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ നഷ്‌ടമായി. വിവരങ്ങള്‍ തട്ടിയെടുത്ത ശേഷം അത് തിരിച്ചുലഭിക്കണമെങ്കില്‍ പണം നല്‍കണമെന്ന അറിയിപ്പുകളായിരുന്നു കംപ്യൂട്ടറുകളില്‍ ലഭിച്ചത്. ബിറ്റ് കോയിന്‍ വഴി പണം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഇപ്പോള്‍ ആരോപണം ഉന്നിയിക്കുന്നതെന്നും വാനക്രൈയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉത്തര കൊറിയക്കാണെന്നും തോമസ് ബോസെര്‍ട്ട് ആരോപിക്കുന്നു. ഉത്തര കൊറിയയുടെ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി അമേരിക്ക എല്ലാ വഴികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാനാക്രൈക്ക് പിന്നില്‍ ഉത്തരകൊറിയയാണെന്ന് നേരത്തെ ബ്രിട്ടന്‍ ആരോപിച്ചിട്ടുണ്ട്. അമേരിക്കന്‍ കമ്പനിയായ മൈക്രോ സോഫ്റ്റും ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.