എഐയ്ക്ക് കൂച്ചുവിലങ്ങ് വീഴുമോ? അന്തിമ റിപ്പോർട്ടുമായി യുഎന്‍ ഉപദേശക സമിതി, ഏഴ് ശുപാർശകള്‍

By Web Team  |  First Published Sep 22, 2024, 8:53 AM IST

എഐ സംവിധാനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി ഡാറ്റാ നിർവചനങ്ങൾ, തത്വങ്ങൾ, മേൽനോട്ടം എന്നിവയുമായി ബന്ധപ്പെട്ട് അടിസ്ഥാന ചട്ടക്കൂട് നിർമിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.


എഐയുമായി ബന്ധപ്പെട്ട ഭീഷണികളും ഭരണനിർവഹണത്തിലെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായുള്ള ശുപാര്‍ശകള്‍ അടങ്ങിയ 'ഗവേണിങ് എഐ ഫോർ ഹ്യുമാനിറ്റി' എന്ന അന്തിമ റിപ്പോർട്ട് പുറത്തിറക്കി ഐക്യരാഷ്ട്ര സഭയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപദേശക സമിതി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുമായി ബന്ധപ്പെട്ട ഏഴ് ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. 

എഐയെ നിയന്ത്രിക്കുന്നതിന് ആഗോള ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കമെന്ന് സൂചന. എഐയെ അന്താരാഷ്ട്ര തലത്തിൽ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് 39 അംഗ ഉപദേശക സമിതിയ്ക്ക് യുഎൻ രൂപം നൽകിയത് കഴിഞ്ഞ വർഷമാണ്. ഈ മാസമാണ് റിപ്പോർട്ടിൽ നല്‍കിയിരിക്കുന്ന നിർദേശങ്ങൾ യുഎൻ സമ്മേളനത്തിൽ ചർച്ച ചെയ്യുക. ലോകമെമ്പാടുമുള്ള 2000ൽ അധികമാളുകളുമായി നടത്തിയ മാസങ്ങൾ നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

Latest Videos

undefined

എന്തൊക്കെ നടപ്പാകും...

എഐയ്ക്ക് വേണ്ടി ഒരു അന്തർദേശീയ സയന്‍റിഫിക് പാനൽ എന്നതാണ് പ്രധാന നിർദേശം. എഐയുമായി ബന്ധപ്പെട്ട അറിവ് നൽകുന്നതിനും നിഷ്പക്ഷവും വിശ്വസനീയവുമായ ഒരു ശാസ്ത്ര സംഘത്തിന് രൂപം നൽകുകയുമാണ് ഇതിന്‍റെ ഉദ്ദേശം. ഈ പാനൽ അംഗരാജ്യങ്ങളെ എഐയെ കുറിച്ച് നന്നായി മനസിലാക്കാനും എഐയുടെ കഴിവുകൾ, അപകടസാധ്യതകൾ, ട്രെൻഡുകൾ എന്നിവയെക്കുറിച്ച് വാർഷിക റിപ്പോർട്ടുകൾ തയ്യാറാക്കാനും സഹായിക്കുമെന്നാണ് നിഗമനം.

എഐ നിയന്ത്രണവുമായി ബന്ധപ്പെട്ട നയ ചർച്ചകളാണ് മറ്റൊരു നിർദേശം. യുഎൻ തലത്തിൽ എഐ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണ ചർച്ചകൾ നടക്കണമെന്നും വിവിധ ഭരണകൂടങ്ങളിൽ നിന്നുള്ളവരെയും മനുഷ്യാവകാശങ്ങൾ ഉൾപ്പടെ വിവിധ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തിയുള്ള യോഗങ്ങളുണ്ടാകണമെന്നും ഈ നിർദേശത്തിൽ പറയുന്നു.

അതിർത്തികളിലുടനീളം എഐ സംവിധാനങ്ങളുടെ സാങ്കേതികമായ പരസ്പര പ്രവർത്തനക്ഷമത ഉറപ്പാക്കാൻ സ്റ്റാൻഡേർഡ് ഓർഗനൈസേഷനുകൾ, ടെക്ക് കമ്പനികൾ, പൊതുസമൂഹം എന്നിവയിൽ നിന്നുള്ള പ്രതിനിധികൾക്കായി ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐ സ്റ്റാൻഡേർഡ് എക്‌സ്‌ചേഞ്ച് എന്ന നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

എഐ ഭരണ ശേഷി വർധിപ്പിക്കുന്നതിന് ആഗോളതലത്തിൽ ഒരു നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുന്നതിനൊപ്പം ഗവേഷകർക്കും സംരംഭകർക്കും പരിശീലനം ഇതിലൂടെ പരിശീലനം നല്‍കുക, കമ്പ്യൂട്ടിങ് വിഭവങ്ങൾ, ഡാറ്റാസെറ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള എഐ ശേഷി വികസന ശൃംഖല എന്ന നിർദേശം അവതരിപ്പിച്ചിരിക്കുന്നത്.

മറ്റ് നിര്‍ദേശങ്ങള്‍

ഗ്ലോബൽ എഐ ഫണ്ട്- സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് എഐയുടെ നേട്ടങ്ങൾ സംഭാവന ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനും എഐ ശേഷി വിടവുകൾ പരിഹരിക്കുന്നതിനും സഹകരണം വളർത്തുന്നതിനും ഒരു ആഗോള ഫണ്ട് സ്ഥാപിക്കുന്നത് സഹായകരമാണെന്ന് നിർദേശത്തിൽ പറയുന്നു.

ഗ്ലോബൽ എഐ ഡാറ്റാ ഫ്രെയിംവർക്ക്- എഐ സംവിധാനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി ഡാറ്റാ നിർവചനങ്ങൾ, തത്വങ്ങൾ, മേൽനോട്ടം എന്നിവയുമായി ബന്ധപ്പെട്ട് അടിസ്ഥാന ചട്ടക്കൂട് നിർമിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

യുഎൻ സെക്രട്ടേറിയറ്റിൽ എഐ ഓഫീസ്- ഈ ശുപാർശകൾ നടപ്പിലാക്കുന്നതിനും മറ്റ് എഐ ഭരണ നിർവഹണകാര്യങ്ങൾക്കും വേണ്ടി യുഎൻ സെക്രട്ടേറിയേറ്റിൽ ഒരു ചെറിയ എഐ ഓഫീസ് ആരംഭിക്കുക.

Read more: ക്രിയേറ്റർമാർക്കും ആരാധകർക്കും ഇടപഴകാം; പുതിയ പ്ലാറ്റ്‌ഫോം ഒരുക്കി യൂട്യൂബ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!