കേന്ദ്ര നീക്കങ്ങളിൽ ആശങ്കയറിച്ച് ട്വിറ്റർ; സ്വകാര്യത ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്രം

By Web Team  |  First Published May 27, 2021, 12:45 PM IST

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും കമ്പനികൾക്കും സമൂഹത്തിനും പൊതുജന താൽപര്യം സംരക്ഷിക്കാനുള്ള കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണ് ട്വിറ്ററിന്റെ നിലപാട്. കൊവിഡ് വ്യാപനത്തിൽ ട്വിറ്റർ സഹായ കേന്ദ്രമായി പ്രവർത്തിച്ചുവെന്നും കമ്പനി ഓർമ്മപ്പെടുത്തി.  


ദില്ലി: കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ പ്രതികരണവുമായി ട്വിറ്റർ. നിലവിലെ സാഹചര്യത്തിൽ ട്വിറ്റർ ആശങ്കയറിയിച്ചു. അഭിപ്രായ സ്വാതന്ത്യവും സ്വകാര്യതയും സംരക്ഷിക്കാൻ ട്വിറ്ററിന് ബാധ്യതയുണ്ട്, നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാരെക്കുറിച്ചും സേവിക്കുന്ന ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിൻമേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്നാണ് ട്വിറ്റർ പറയുന്നത്. സുതാര്യതയാണ് ആദർശമെന്ന് പറഞ്ഞ സാമൂഹിക മാധ്യമം ഭയപ്പെടുത്താനുള്ള പൊലീസിന്റെ തന്ത്രങ്ങളിൽ ആശങ്കയറിയിച്ചു. 

 

Latest Videos

undefined

അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തണം എന്നാണ് നിലപാടെന്ന് വ്യക്തമാക്കിയ ട്വിറ്റർ സർക്കാരുമായുള്ള ക്രിയാത്മക സംഭാഷണം തുടരുമെന്നും വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും കമ്പനികൾക്കും സമൂഹത്തിനും പൊതുജന താൽപര്യം സംരക്ഷിക്കാനുള്ള കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണ് ട്വിറ്ററിന്റെ നിലപാട്. കൊവിഡ് വ്യാപനത്തിൽ ട്വിറ്റർ സഹായ കേന്ദ്രമായി പ്രവർത്തിച്ചുവെന്നും കമ്പനി ഓർമ്മപ്പെടുത്തി. പുതിയ ഐടി നിയമത്തെ കുറിച്ച് ഇതാദ്യമായാണ് ട്വിറ്റർ പ്രതികരിക്കുന്നത്.

അതേ സമയം സ്വകാര്യത ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ആവർത്തിച്ച് കേന്ദ്രം രംഗത്തെത്തി. ഉപയോക്താക്കൾ പുതിയ ഐടി നിയമത്തിൽ ആശങ്കപ്പെടേണ്ടെന്നും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് നിയമമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിക്കുന്നു. ചില കുറ്റകൃത്യങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമായി സന്ദേശം ആര്  സൃഷ്ടിച്ചു എന്നത് കണ്ടെത്തുകയാണ് ഉദ്ദേശമെന്നും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് നിയമമെന്നുമാണ് നിയമമന്ത്രിയുടെ ന്യായീകരണം. സർക്കാർ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും രവിശങ്കർ പ്രസാദ് പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!