ഇന്ത്യക്കാരനായ 16 വയസുകാരന് ഗൂഗിളില്‍ ജോലി ലഭിച്ചുവെന്നത് കള്ള വാര്‍ത്തയെന്ന് ദേശീയ മാധ്യമങ്ങള്‍. ചണ്ഡിഗഡ് സ്വദേശിയായ ഹര്‍ഷിത് ശര്‍മ്മ എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗൂഗിളിന്റെ ഐക്കണ്‍ ഡിസൈനിങ് വിഭാഗത്തില്‍ ജോലി കിട്ടിയെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇങ്ങനെയൊരാള്‍ക്ക് ജോലി നല്‍കിയിട്ടില്ലെന്നാണ് ഗൂഗിള്‍ അറിയിച്ചു. നേരത്തെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമങ്ങള്‍ തന്നെയാണ് തെറ്റാണെന്ന് മനസിയാതോടെ ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഗൂഗിള്‍ ലോകത്തിന്റെ ഒരു ഭാഗത്തുനിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ജോലിക്കെടുത്തിട്ടില്ലെന്നും കമ്പനി ഇന്ത്യാ ടുഡെയ്ക്ക് അയച്ച മെയിലില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ എക്‌സ്‍പ്രസ് ദിനപത്രത്തിന്റെ സിറ്റി സപ്ലിമെന്റായ ചണ്ഡീഗഡ് ലൈനിലാണ് ഈ വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. ജൂലൈ 29ന് പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത പിന്നീട് വിവിധ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാര്‍ത്ഥിയെ ഓണ്‍ലൈനിലൂടെ ഇന്റര്‍വ്യൂ നടത്തി, പ്രതിമാസം 12 ലക്ഷം രൂപ ശമ്പളം നല്‍കി ജോലിക്കെടുത്തുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, വാര്‍ത്തയ്ക്ക് ആധാരമായി നല്‍കേണ്ട അപ്പോയിന്റ്‌മെന്റ് ഓര്‍ഡറോ, ഓഫര്‍ ലെറ്ററോ ഒരിടത്തുമില്ല. വാര്‍ത്തകള്‍ കണ്ടതിന് പിന്നാലെ ചണ്ഡീഗഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഈ വിദ്യാര്‍ത്ഥിയെ അഭിന്ദിച്ചുകൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കുകയും ഇത് മറ്റ് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.