പുതിയ ഐഒഎസ് 18 എത്തുന്നതോടെ സ്ഥിതിയില്‍ മാറ്റമുണ്ടാവുമെന്നാണ് സൂചനകൾ
മൊബൈല്‍ നമ്പര്‍ ആരുടേത് എന്ന് പരിശോധിക്കുന്ന ട്രൂകോളറിന്‍റെ സേവനങ്ങൾ ഇനി ഐഫോണിലും സുഗമമായി ലഭ്യമാകും. ആഗോളതലത്തിൽ ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന സൗജന്യ കോളർ ഐഡി സേവനമാണ് ട്രൂകോളര്‍. എന്നാൽ ഇത് ഐഫോണിൽ ആൻഡ്രോയ്‌ഡ് ഫോണുകളിലെ പോലെ സുഗമമായി ഉപയോഗിക്കാനാവില്ലായിരുന്നു. ആൻഡ്രോയ്‌ഡ് ഫോണുകളിലെ ട്രൂകോളർ ആപ്പിൽ അപരിചിതമായ ഒരു നമ്പരിൽ നിന്ന് കോളുകൾ വന്നാൽ ആ നമ്പർ ആരുടെതാണെന്നും, ഡയൽ ചെയ്യുന്ന നമ്പർ ആരുടെതാണെന്നുമുള്ള വിവരങ്ങളെല്ലാം അതിൽ നിന്ന് ലഭിക്കും.
എന്നാൽ നിലവിൽ ഐഫോൺ ഉപഭോക്താക്കൾക്ക് ട്രൂകോളർ ആപ്ലിക്കേഷൻ തുറന്ന് നമ്പർ ടൈപ്പ് ചെയ്ത് പരിശോധിച്ചെങ്കിൽ മാത്രമേ ആ നമ്പർ ആരുടേതാണെന്ന് അറിയാനാവൂ. പുതിയ ഐഒഎസ് 18 എത്തുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാവുമെന്നാണ് സൂചനകൾ. ഐഒഎസ് 18ന്‍റെ പുതിയ യൂസർ ഇന്‍റര്‍ഫെയ്‌സിൽ കോൾ സ്‌ക്രീനിന് മുകളിൽ ഓവർലേ പ്രദർശിപ്പിക്കാനുള്ള അനുവാദം നൽകുന്നുണ്ട്. ഇത് ട്രൂകോളർ പോലുള്ള കോളർ ഐഡി സേവനങ്ങൾക്ക് തത്സമയം വിവരങ്ങൾ പ്രദർശിപ്പിക്കാനുള്ള സൗകര്യം ഒരുക്കും. ട്രൂകോളർ സിഇഒ സിഇഒ അലൻ മാമെഡിയാണ് ഇക്കാര്യം അടുത്തിടെ ഒരു എക്‌സ് പോസ്റ്റിലൂടെ ഉപഭോക്താക്കളെ അറിയിച്ചത്.
'ഐഫോണില്‍ കഴിഞ്ഞ രണ്ട് വർഷമായി ഏറെക്കുറെയൊക്കെ ശരിയായി ട്രൂകോളർ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ട്രൂകോളറിന്‍റെ പ്രവർത്തനം നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ ഏറ്റവും മികച്ചതാവുന്ന സമയമാണിത്'- എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം