യുആർഎലുകൾ അടങ്ങിയ മെസേജുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിർദേശത്തിലുള്ളത്
ദില്ലി: എസ്എംഎസുകൾക്കൊപ്പം ഇനി സുരക്ഷിത ലിങ്കുകൾ മാത്രം മതിയെന്ന നിർദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). വൈറ്റ്‌ലിസ്റ്റ് ചെയ്ത യുആർഎൽ, എപികെഎസ്, ഒടിടി ലിങ്കുകൾ മാത്രമേ എസ്എംഎസിൽ അയക്കാവൂ എന്നാണ് സേവനദാതാക്കൾക്ക് ട്രായ് നല്‍കിയ നിർദേശത്തിൽ പറയുന്നത്. ലിങ്കുകൾ വൈറ്റ് ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ മെസേജുകൾ കൈമാറില്ലെന്നും ഒക്ടോബർ ഒന്നിനകം ഇത് നടപ്പാക്കുമെന്നും ട്രായ് പറയുന്നു.
യുആർഎലുകൾ (യൂണിഫോം റിസോഴ്സ് ലോക്കേറ്റേഴ്സ്) അടങ്ങിയ മെസേജുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിർദേശത്തിലുള്ളത്. 70,000-ലധികം ലിങ്കുകൾ വൈറ്റ്‌ലിസ്റ്റ് ചെയ്തുകൊണ്ട് 3,000-ലധികം രജിസ്റ്റേഡ് സെൻഡർമാരാണ് ഈ നിർദേശം പാലിച്ചിട്ടുള്ളത്. സുതാര്യവും സുരക്ഷിതവുമായ ആശയവിനിമയ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദോഷകരമായ ലിങ്കുകൾ തടയുകയും ഉപയോക്താവ് ആവശ്യപ്പെടാത്ത സന്ദേശങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയുമാണ് പുതിയ നീക്കത്തിന്‍റെ ലക്ഷ്യം.
നേരത്തെ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന വ്യവസ്ഥ ട്രായ് അവതരിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ടെലികോം സേവനങ്ങളുടെ ഗുണനിലവാരമാനദണ്ഡങ്ങൾ പരിഷ്കരിച്ചുകൊണ്ട് വിജ്ഞാപനവും പുറത്തിറക്കി. ട്രായിയുടെ പുതിയ വ്യവസ്ഥകളനുസരിച്ച് ജില്ലാതലത്തിൽ 24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസപ്പെടുന്ന സാഹചര്യമുണ്ടായാൽ ഉപഭോക്താക്കൾക്ക് കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇത് നല്‍കാൻ കമ്പനി ബാധ്യസ്ഥരുമാണ്. കൂടാതെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയിൽ നിന്ന് ഒരുലക്ഷമാക്കിയും ട്രായി ഉയർത്തി.
Read more: എന്തുകൊണ്ട് ആധാര്‍, പാന്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ച വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടി? ഇതാ നിയമവശം
മാനദണ്ഡങ്ങളുടെ ലംഘനം അനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ വിവിധ ഗ്രേഡുകളിലായാണ് പിഴ ഈടാക്കുക. മുൻപ് സെല്ലുലാർ മൊബൈൽ സർവീസുകൾ, ബ്രോഡ്ബാൻഡ് സർവീസുകൾ, ബ്രോഡ്ബാന്‍ഡ് വയർലെസ് സർവീസുകൾ എന്നിവയ്ക്കായുള്ള മാനദണ്ഡങ്ങൾക്ക് പകരമായാണ് പുതിയവ അവതരിപ്പിച്ചിരിക്കുന്നത്.
ഒക്ടോബർ ഒന്നിന് ശേഷം പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താവിന് സേവനം തടസപ്പെട്ടാലും ആ ദിവസത്തെ തുക അടുത്ത ബില്ലിൽ ഇളവ് ചെയ്യേണ്ടി വരും. 2025 മുതലാണ് പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായി തുടങ്ങുക. ചുരുക്കി പറഞ്ഞാൽ 12 മണിക്കൂറിൽ കൂടുതലായി ഉപഭോക്താവിന് സേവനം നഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ അധിക വാലിഡിറ്റി കൂടി ഒരാഴ്ചയ്ക്കുള്ളിൽ ക്രെഡിറ്റ് ചെയ്യും.
Read more: കരുത്തുറ്റ ചിപ്പ്, എഐ, ചിത്രങ്ങളും വീഡിയോകളും തകര്‍ക്കും; വന്നു സാംസങ് ഗ്യാലക്‌സി എസ്24 എഫ്‌ഇ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം