എങ്ങനെ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കാം എന്ന് നോക്കാം
ദില്ലി: സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പിനെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. വിവിധ നിക്ഷേപ പദ്ധതികളുടെ പേരുപറഞ്ഞാണ് വിവിധ തട്ടിപ്പ് സംഘങ്ങള്‍ വാട്‌സ്ആപ്പില്‍ വലവിരിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് വഴി ലക്ഷക്കണക്കിന് രൂപ നഷ്‌ടമായവരുടെ വാര്‍ത്തകള്‍ ദിനംതോറും പുറത്തുവരികയാണ്. എങ്ങനെ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കാം എന്ന് നോക്കാം.
കണ്ണടച്ചു തുറക്കുമ്പോള്‍ ലക്ഷാധിപതികളോ കോടിപതികളോ ആവാം എന്ന് പറഞ്ഞുള്ള മെസേജും ലിങ്കും ഓഡിയോ-വീഡിയോ കോളും വാട്‌സ്ആപ്പില്‍ എത്തിയാല്‍ പലരുടെയും കണ്ണ് മഞ്ഞളിക്കുമെന്നുറപ്പ്. ഈ തന്ത്രമാണ് സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ ആളുകളെ വലവീശി പിടിക്കാന്‍ വാട്‌സ്ആപ്പില്‍ പ്രയോഗിക്കുന്നത്. വിവിധ നിക്ഷേപപദ്ധതികളുടെ പേരിലാണ് സന്ദേശങ്ങളും ലിങ്കുകളും അധികവും എത്തുക. സ്റ്റോക് മാര്‍ക്കറ്റില്‍ പണമെറിഞ്ഞ് പണം വാരാം എന്നതാണ് പ്രധാന ഓഫറുകളിലൊന്ന്. എന്നാല്‍ ഇത്തരം വ്യാജ നിക്ഷേപ പദ്ധതികളില്‍ തലവെച്ച് പലരുടെയും സമ്പാദ്യമെല്ലാം നഷ്‌ടമാകുന്നു. വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിലൂടെ നിരവധി പേര്‍ക്കാണ് ലക്ഷങ്ങളും കോടികളും നഷ്‌ടമായത് എന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ ട്രേഡിംഗില്‍ പണമെറിഞ്ഞ 60 വയസ് പ്രായമുള്ള ഒരു മുംബൈ നിവാസിക്ക് 2.56 കോടിയാണ് അടുത്തിടെ നഷ്‌ടമായത്. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് വന്ന വാട്‌സ്ആപ്പ് മെസേജില്‍ നിന്നായിരുന്നു ഈ തട്ടിപ്പിന്‍റെ തുടക്കം. കോയമ്പത്തൂര്‍ സ്വദേശിയായ ഒരു ബാങ്ക് മാനേജര്‍ക്ക് 48.57 കോടി രൂപ നഷ്‌ടമായത് മറ്റൊരു ദുരന്ത കഥ. സമാന സ്വഭാവമുള്ള നിരവധി തട്ടിപ്പുകളാണ് അടുത്തിടെ പുറത്തുവന്നത്.
undefined
എന്നാല്‍ വാട്‌സ്ആപ്പ് വഴിയുള്ള ഇത്തരം സാമ്പത്തിക തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ നിങ്ങളെ സഹായിക്കും. സാമ്പത്തിക വാഗ്‌ദാനങ്ങള്‍ നല്‍കുന്ന വാട്‌സ്ആപ്പ് മെസേജുകള്‍ അവഗണിക്കുകയാണ് ഏറ്റവും പ്രധാനം. മെസേജിനൊപ്പമുള്ള ലിങ്കുകള്‍ ഒരു കാരണവശാലും തുറന്നുനോക്കരുത്. നിങ്ങള്‍ക്ക് വ്യക്തിപരമായി അറിയാത്തവര്‍ അയച്ചുതരുന്ന ഫയലുകള്‍ ഒരുകാരണവശാലും ഡൗണ്‍ലോഡ് ചെയ്യാതിരിക്കുന്നതും തട്ടിപ്പില്‍ നിന്ന് തടയും. വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്ന കാര്യങ്ങളുടെ വിശദവിവരങ്ങളും വിശ്വാസ്യതയും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ നിക്ഷേപദ്ധതികളുടെയും മറ്റും ഭാഗമാകാന്‍ പാടുള്ളൂ. വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട്/എടിഎം വിവരങ്ങളും ആരുമായും പങ്കുവെക്കരുത്. പരിചയമില്ലാത്ത വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാകാതിരിക്കുക. സംശയം തോന്നുന്ന നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ഗുണംചെയ്യും. പണം നഷ്‌ടമായാല്‍ എത്രയും വേഗം സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും പ്രധാനമാണ്.
Read more: ആ നീലവളയം കണ്ടോ; അതാണ് മെറ്റ എഐ! ലഭിക്കാന്‍ എന്ത് ചെയ്യണം, ഗുണങ്ങള്‍ എന്തെല്ലാം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം