ആന്‍ഡ്രോയ്‌ഡ് ഫോണുകളാണോ ഉപയോഗിക്കുന്നത്; ഇക്കാര്യം സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

By Web Team  |  First Published Jul 11, 2024, 8:08 PM IST

ആന്‍ഡ്രോയ്‌ഡിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഫോണില്‍ ഉറപ്പുവരുത്തുക ഭീഷണിയെ മറികടക്കാന്‍ പ്രധാനം


ദില്ലി: ആന്‍ഡ്രോയ്‌‌ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഏറെ പഴയ വേര്‍ഷനുകള്‍ സ്‌‌മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ആന്‍ഡ്രോയ്‌ഡിന്‍റെ 12, വി12എല്‍, വി13, വി14 എന്നിവയ്ക്ക് മുമ്പുള്ള പതിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന അപകട സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഹാക്കര്‍മാര്‍ ഫോണുകളിലേക്ക് കടന്നുകയറാനും വിവരങ്ങള്‍ കൈക്കലാക്കാനും സാധ്യതയുണ്ട് എന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. 

എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കാം?

Latest Videos

ഈ ഭീഷണിയെ മറികടക്കാന്‍ ഏറ്റവും പ്രാധാനായി ചെയ്യേണ്ടത് ആന്‍ഡ്രോയ്‌ഡിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഫോണുകളിലും ടാബ്‌ലറ്റുകളിലും ഉറപ്പുവരുത്തുകയാണ്. സിസ്റ്റം അപ്‌ഡേറ്റുകള്‍ സ്ഥിരമായി പരിശോധിക്കുകയും ശരിയായ മാര്‍ഗത്തില്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഇനാബിള്‍ ചെയ്യുന്നത് ഗുണകരമാകും. പഴുതുകള്‍ അടച്ചുള്ള സുരക്ഷ ഇത്തരം അപ്‌ഡേറ്റുകള്‍ ഉറപ്പുനല്‍കും. ഗൂഗിള്‍ പ്ലേസ്റ്റോര്‍ പോലെയുള്ള വിശ്വസനീയമായ സോഴ്‌സുകളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് അപകടം കുറയ്ക്കും. തേഡ്‌പാര്‍ട്ടി ആപ്പുകള്‍ ഫോണിലേക്ക് പ്രവേശിപ്പിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ആപ്പുകളില്‍ നല്‍കിയിരിക്കുന്ന പെര്‍മിഷനുകള്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതും സഹായകമാകും. ക്ലൗഡ് പോലുള്ള സംവിധാനങ്ങളില്‍ ഡാറ്റകള്‍ സൂക്ഷിക്കുന്നത് ഫോണില്‍ നിന്ന് വിവരങ്ങള്‍ നഷ്‌ടപ്പെടുന്നത് ഒഴിവാക്കും.  

ആന്‍ഡ്രോയ്‌ഡിന്‍റെ പഴയ വേര്‍ഷനുകളിലുള്ള സ്മാര്‍ട്ട്ഫോണുകളിലും ടാബ്‌ലറ്റുകളിലും സുരക്ഷാ വീഴ്ചകളുണ്ട് എന്ന മുന്നറിയിപ്പ് മുമ്പുമുണ്ടായിട്ടുണ്ട്. വ്യക്തിവിവരങ്ങളും മറ്റും ഹാക്കര്‍മാരുടെ കൈവശം എത്താതിരിക്കാന്‍ അതിനാല്‍ തന്നെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. 

Read more: ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഐഫോണിന്‍റെ നിയന്ത്രണം 'മറ്റൊരാള്‍' റാഞ്ചും; മുന്നറിയിപ്പുമായി ആപ്പിള്‍    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!