രാജ്യത്തിന്‍റെ സിഗ്നല്‍! എത്തി ഇന്ത്യന്‍ 5ജി, പരീക്ഷിച്ച് വിജയിച്ച് എംടിഎന്‍എല്‍; ജിയോയും എയര്‍ടെല്ലും ജാഗ്രതൈ

By Web Team  |  First Published Sep 12, 2024, 11:37 AM IST

കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യന്‍ നിര്‍മിത 5ജി പരീക്ഷിച്ച് എംടിഎന്‍എല്‍, ബിഎസ്എന്‍എല്ലും 5ജി പരീക്ഷണത്തില്‍


ദില്ലി: രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്കില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ പൊതുമേഖല കമ്പനികള്‍ ശ്രമം തുടങ്ങി. പൊതുമേഖല ടെലികോം കമ്പനിയായ എംടിഎന്‍എല്‍ (മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്) കേന്ദ്ര സ്ഥാപനമായ സി-ഡോട്ടുമായി ചേര്‍ന്ന് 5ജി ടെസ്റ്റിംഗ് പൂര്‍ത്തിയാക്കി എന്നാണ് പുതിയ വിവരം. എംടിഎന്‍എല്ലില്‍ 5ജി സിഗ്നല്‍ കാണിക്കുന്ന ചിത്രം സഹിതം ടെലികോം മന്ത്രാലയം ഇന്ന് (സെപ്റ്റംബര്‍ 12) ട്വീറ്റ് ചെയ്‌തു. 

കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ വികസിപ്പിച്ച 5ജി സാങ്കേതികവിദ്യ വിജയകരമായി സി-ഡോട്ട് പരീക്ഷിച്ചിരിക്കുകയാണ്. പൊതുമേഖല കമ്പനികളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഇന്ത്യന്‍ നിര്‍മിത 5ജി സാങ്കേതികവിദ്യയിലാണ് 5ജി വിന്യസിക്കുക എന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവില്‍ 4ജി വിന്യാസം ബിഎസ്എന്‍എല്‍ നടത്തുന്നതും ഇത്തരത്തില്‍ തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ബിഎസ്എന്‍എല്ലിനൊപ്പം എംടിഎന്‍എല്ലും 4ജി വിന്യസിക്കുന്നുണ്ട്. ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് എംടിഎന്‍എല്‍ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് 10 വര്‍ഷ കരാറില്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഒപ്പിട്ടിരുന്നു. ദില്ലിയിലും മുംബൈയിലുമാണ് എംടിഎന്‍എല്‍ ഇന്ത്യന്‍ നിര്‍മിത 4ജി എത്തിക്കുക.  

Testing Made in India 5G

by C-DoT and MTNL pic.twitter.com/4YRMH2cGNB

— DoT India (@DoT_India)

Latest Videos

സ്വകാര്യ മേഖല കമ്പനികളായ റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും ഇതിനകം 5ജി നെറ്റ്‌വര്‍ക്കുണ്ട്. ഇവര്‍ക്കിടയിലേക്കാണ് പൊതുമേഖല കമ്പനികളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും 5ജിയുമായി രംഗപ്രവേശം ചെയ്യാനിരിക്കുന്നത്. 4ജി വിന്യാസം തന്നെ ഏറെ വൈകിയതില്‍ ടെലികോം രംഗത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ ബിഎസ്എന്‍എല്ലിന് 5ജി ടവറുകളും ഉടന്‍ വിന്യസിച്ചേ മതിയാകൂ. അതിനാല്‍ 4ജി വിന്യാസത്തിനൊപ്പം 5ജി വികസനത്തിലും ശ്രദ്ധ പതിപ്പിക്കുകയാണ് ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും. ബിഎസ്എന്‍എല്‍ 4ജി വിന്യാസം പൂര്‍ത്തിയാവാന്‍ 2025 മധ്യേ വരെ കാത്തിരിക്കണം. 

Read more: കാത്തിരിപ്പ് നീളും, പക്ഷേ നിരാശരാകില്ല; ബിഎസ്എന്‍എല്‍ ഒരു ലക്ഷം 4ജി ടവറുകള്‍ 2025 മധ്യത്തോടെ പൂര്‍ത്തിയാക്കും

click me!