'ആരെങ്കിലും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്‌തതിന് ഉടമക്കെതിരെ കേസെടുക്കുന്നത് അസംബന്ധം'; ആഞ്ഞടിച്ച് ടെലഗ്രാം

By Web Team  |  First Published Aug 26, 2024, 11:06 AM IST

സിഇഒയുടെ അറസ്റ്റിൽ ശക്തമായി പ്രതികരിച്ച് ടെലഗ്രാം, കേസ് എടുക്കുന്നത് അസംബന്ധം എന്ന് പ്രതികരണം


പാരിസ്: സ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവിന്‍റെ അറസ്റ്റിൽ ഫ്രാന്‍സിനെതിരെ ശക്തമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ടെലഗ്രാം. പ്ലാറ്റ്ഫോമിന്‍റെ ദുരുപയോഗത്തിൽ ഉടമക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണ്, പ്രശ്നം അതിവേഗം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും ടെലഗ്രാം അധികൃതര്‍ വ്യക്തമാക്കി. 

പവേല്‍ ദുരോവിന്‍റെ പാരിസിലെ അറസ്റ്റിൽ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ് ടെലഗ്രാം അധികൃതര്‍. പ്ലാറ്റ്ഫോം ആരെങ്കിലും ദുരുപയോഗം ചെയ്തതിന് ഉടമയ്‌ക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണെന്നാണ് ടെലഗ്രാമിന്‍റെ വാദം. യൂറോപ്പിലെ എല്ലാ നിയമങ്ങളും അനുസരിക്കുന്ന ആപ്പ് ആണ് ടെലഗ്രാം, പ്രശ്നം അതിവേഗം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി. ഇന്നലെയാണ് ടെലഗ്രാം സിഇഒ പവേല്‍ ദുരോവ് ഫ്രാൻസിൽ വച്ച് അറസ്റ്റിലായത്. ടെലഗ്രാമിനെ ക്രിമിനലുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന കേസിലാണ് അറസ്റ്റ് എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പവേല്‍ ദുരോവ് പരാജയപ്പെട്ടു എന്നും ആരോപിക്കപ്പെടുന്നു.

Latest Videos

പാരീസിനടുത്തുള്ള ലെ ബൂർഗെറ്റ് വിമാനത്താവളത്തിൽ വെച്ചാണ് പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്‌തത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബർ ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലാണ് അറസ്റ്റ് എന്ന് മറ്റൊരു വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ദുരോവിനെതിരെ നേരത്തെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതായി സൂചനയുണ്ട്. 

റഷ്യന്‍ വംശജനായ പവേല്‍ ദുരോവ് ദുബായിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ടെലഗ്രാം ആസ്ഥാനവും ദുബായ് ആണ്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും ദുരോവിനുണ്ട്. 15.5 ബില്യണ്‍ ഡോളറിന്‍റെ ആസ്തി ദുരോവിനുണ്ട് എന്നാണ് ഫോബ്‌സ് കണക്കാക്കുന്നത്. പവേല്‍ ദുരോവും സഹോദരന്‍ നിക്കോലായും ചേര്‍ന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിച്ചത്. 900 മില്യണ്‍ ആക്‌റ്റീവ് യൂസര്‍മാര്‍ ടെലഗ്രാമിന് ഇപ്പോഴുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പായ ടെലഗ്രാം വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് ശ്രദ്ധയാകര്‍ഷിച്ചത്. 

Read more: ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!