2016 ല്‍ ടെക് ലോകത്ത് സംഭവിച്ച വന്‍ പരാജയങ്ങള്‍

By Vipin Panappuzha  |  First Published Dec 22, 2016, 11:38 AM IST

2016 ലെ ടെക് ലോകത്തെക്കുറിച്ചുള്ള വിലയിരുത്തലുകളാണ് എവിടെയും. സാധാരണ സൈബര്‍ ഫോണ്‍ ഇടങ്ങളില്‍ നിന്നും വെര്‍ച്വല്‍ റിയാലിറ്റി സാധ്യതകളിലേക്കാണ് ലോകം തങ്ങളുടെ ശ്രദ്ധതിരിച്ചത്. ഒപ്പം ഗാഡ്ജറ്റ് രംഗത്ത് പുതിയ മാറ്റങ്ങള്‍ വിപണിയിലെ മുന്‍നിരക്കാര്‍ കൊണ്ടുവന്നു. പക്ഷെ ടെക് ലോകത്തെ ഭീമന്‍ പരാജയങ്ങള്‍ക്കും 2016 സാക്ഷിയായി എന്നതാണ് സത്യം. ഏതോക്കെയാണ് അവ.. അതാണ് ഇവിടെ പരിശോധിക്കുന്നത്.

യാഹൂവിന്‍റെ വിധി

Latest Videos

2016 ജൂലൈ മാസത്തിലാണ് ടെക് ലോകത്തെ ഞെട്ടിച്ച് യാഹൂ അമേരിക്കന്‍ ടെക് കമ്പനിയായ വെറയ്സണ്‍ വാങ്ങിയ വാര്‍ത്ത പുറത്തുവന്നത്.  5 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിനാണ് യാഹൂവിനെ ഇവര്‍ ഏറ്റെടുക്കുന്നത്. യാഹൂവിന്‍റെ ഏറ്റെടുക്കലോടെ വെറയ്സണ്‍ തങ്ങളുടെ ഇന്‍റര്‍നെറ്റ് ബിസിനസില്‍ കുതിപ്പ് ഉണ്ടാക്കും എന്ന് ടെക് ലോകം വിലയിരുത്തുന്നു. യാഹൂവിന്‍റെ ഇപ്പോഴുള്ള സ്വഭാവം പൂര്‍ണ്ണമായും ഇവര്‍ നിലനിര്‍ത്തും എന്നാണ് പുതിയ ഉടമകളുടെ അവകാശവാദം. 2015ല്‍ തന്നെ ഏറ്റെടുക്കലിന്‍റെ സൂചനകള്‍ നല്‍കി വെറയ്സണ്‍ യാഹൂവിന്‍റെ പരസ്യ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. പുതിയ ഏറ്റെടുക്കലോടെ യാഹൂവിന്‍റെ സെര്‍ച്ച്, മെയില്‍, മെസഞ്ചര്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ നിയന്ത്രണവും വെറയ്സണ്‍ സ്വന്തമാക്കും. എന്നാല്‍ ഈ ഏറ്റെടുക്കലിന് അപ്പുറം യാഹൂ എന്ന ടെക് ഭീമന്‍റെ ഇന്നത്തെ തകര്‍ച്ചയാണ് ലോകം ചര്‍ച്ച ചെയ്തത്.

അടുത്തകാലത്ത് ബിസിനസ് ലോകവും ടെക് ലോകവും ഒരുപോലെ ആഘോഷിച്ച ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ഫേസ്ബുക്ക് മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പിനെ ഏറ്റെടുത്തത്. 2014 ഫെബ്രുവരിയില്‍ നടന്ന ഈ ഏറ്റെടുക്കലിന് ഫേസ്ബുക്ക് മുടക്കിയ തുക 19 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍. അഞ്ച് കൊല്ലം കഷ്ടിച്ച് പ്രായമുള്ള ഒരു കമ്പനിക്കാണ് 10 കൊല്ലം പഴക്കം മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കേട്ട്കേള്‍വി പോലും ഇല്ലാത്ത തുക മുടക്കിയത്. അതിന്‍റെ വിപണി സാധ്യത അവിടെ നില്‍ക്കട്ടെ. എങ്കില്‍ തന്നെ ഇപ്പോഴത്തെ യാഹൂവിന്‍റെ കച്ചവടത്തിന് എത്ര മൂല്യം വേണം. 

2000ത്തിന്‍റെ തുടക്കം യാഹൂവിന്‍റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു അന്ന് യാഹൂവിന്‍റെ വിപണി മൂല്യം 100 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു.. അത്തരത്തില്‍ ഉള്ള ഒരു കമ്പനിയാണ് ഇപ്പോള്‍ വെറും 4.8 ബില്ല്യണ്‍ ഡോളറിന് വില്‍ക്കുന്നത്. അതായത് വാട്ട്സ്ആപ്പിനെ വാങ്ങുവാന്‍ ഫേസ്ബുക്ക് മുടക്കിയ തുകയുടെ നാലില്‍ ഒന്ന് മാത്രമാണ് യാഹൂവിന്‍റെ വില. എന്താണ് ഇന്‍റര്‍നെറ്റ് എന്ന് ലോകം അറിയുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു വലിയ കമ്പനിക്ക് 60 പേര്‍ ജോലി ചെയ്യുന്ന 7 കൊല്ലം പഴക്കമുള്ള ഒരു മൊബൈല്‍ ആപ്പിന്‍റെ നാലില്‍ ഒന്നെ വിലയുള്ളു.

ഇതിനെല്ലാം പുറമേ ഡിസംബര്‍ ആദ്യം പുറത്തുവന്ന വാര്‍ത്തയും യാഹൂവിന് അത്ര സന്തോഷകരമായ വാര്‍ത്തയല്ല, യാഹുവിന്‍റെ നൂറു കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരമാണ് ഡിസംബര്‍ ആദ്യം അവര്‍ ഒദ്യോഗികമായി സ്ഥിരീകരിച്ചത്. 2013ൽ നടന്ന ഹാക്കിംഗിന്‍റെ വിവരങ്ങളാണ് കമ്പനി സമ്മതിച്ചത്. ഇത് കാണിച്ച് ഉപയോക്താവ് എടുക്കേണ്ട സുരക്ഷ മുന്‍കരുതലുകള്‍ വച്ച് യാഹൂ സുരക്ഷ മേധാവി ബോബ് ലോര്‍ഡ് മെയില്‍ അയച്ചു.

ആളുകളുടെ പേരുകൾ, ഫോൺ നമ്പറുകൾ, പാസ് വേർഡുകൾ, ഇ–മെയിൽ വിവരങ്ങൾ, സുരക്ഷാ ചോദ്യങ്ങൾ എന്നിവ ഹാക്കർമാർ ചോർത്തിയതായാണ് വിവരം. അതേസമയം, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് എന്നിവ സംബന്ധിച്ച വിവരങ്ങൾ ചോർത്തപ്പെട്ടവയിലില്ലെന്നും കമ്പനി അറിയിച്ചു. 

2014ൽ 50 കോടി യാഹു അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർത്തിയെന്നു കമ്പനി സെപ്റ്റംബറിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇത് എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. 

എഫ്ബിഐക്ക് മുന്നില്‍ മുട്ടുമടക്കിയ ആപ്പിള്‍

ലോകത്തിലെ ഏറ്റവും വലിയ സൈബര്‍ സുരക്ഷ അവകാശപ്പെടുന്ന ആപ്പിളിന്‍റെ സുരക്ഷ തന്നെ ആശങ്കയിലാക്കുന്നതായിരുന്നു അവരും അമേരിക്കന്‍ സുരക്ഷ ഏജന്‍സിയായ എഫ്ബിഐയും തമ്മിലുള്ള തര്‍ക്കം. 

സംഭവങ്ങളുടെ തുടക്കം 2015 ഡിസംബര്‍ 2നാണ്. അമേരിക്കന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായിരുന്ന സയ്യിദ് റിസ്വാന്‍ ഫാറൂഖും അയാളുടെ ഭാര്യയും. ആരോഗ്യവകുപ്പ് പരിശീലന പരിപാടിയില്‍ കയറിചെന്ന് തുരുതുരാ നിറയൊഴിച്ചു. 14 പേര്‍ കൊല്ലപ്പെട്ടു. കാറില്‍ രക്ഷപ്പെട്ട ഫാറൂഖിനെയും ഭാര്യയേയും പൊലീസ് പിന്തുടര്‍ന്ന് വധിച്ചു. പട്ടാള വേഷത്തില്‍ എത്തിയായിരുന്നു ഇവര്‍ ഭീകരാക്രമണം നടത്തിയത്. അമേരിക്ക ഭയന്നത് പോലെ ഫറൂഖിനും ഭാര്യയ്ക്കും ഇസ്ലാമിക് സ്റ്റേറ്റുമായോ മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുമായോ ബന്ധമുള്ളതായി ആദ്യഘട്ടത്തില്‍ സൂചനയൊന്നും ലഭിച്ചില്ല. ആ സമയത്താണ് തെളിവായി ഐ ഫോണ്‍ രംഗ പ്രവേശനം ചെയ്യുന്നത്.

എന്തുകൊണ്ട് ഫാറൂഖ് ദമ്പതികള്‍ ഈ ആക്രമണം നടത്തിയെന്ന് അറിയാന്‍ എഫ്ബിഐ സംഘത്തിന് മുന്നില്‍ ലഭിച്ച ഏറ്റവും വലിയ തെളിവ്. ഫാറൂഖിന്‍റെ ഐഫോണ്‍ 5സി ആയിരുന്നു. ഈ ഫോണിലെ വിവരങ്ങള്‍ക്കായി അവര്‍ ആപ്പിളുമായി ബന്ധപ്പെട്ടു. സമാനമായ കേസുകളില്‍ സാധാരണയായി ചെയ്യുന്നത് പോലെ ആപ്പിള്‍ തങ്ങളുടെ കയ്യിലുള്ള മുഴുവന്‍ വിവരങ്ങളും, തങ്ങളുടെ ക്ലൗഡ് സ്റ്റോറേജ് സംവിധാനമായ ഐക്ലൗഡിലെ ബാക്കപ്പും  എഫ്ബിഐക്ക് കൈമാറി. എന്നാല്‍ ആക്രമണത്തിന് ആറ് ആഴ്ച്ച മുന്‍പ് വരെയുള്ള വിവരങ്ങള്‍ മാത്രമാണ് ബാക്കപ്പ് ചെയ്യപ്പെട്ടിരുന്നത്. തുടര്‍ന്ന്, എഫ്ബിഐ വിദഗ്ധര്‍ ഐ ക്ലൗഡ് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചു. ഇതിനായി ഐക്ലൗഡ്  അക്കൗണ്ട് പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യുകയും ചെയ്തു.

മുമ്പ് ഫാറൂഖ് ഉപയോഗിച്ച വൈഫൈ നെറ്റ്‌വര്‍ക്കില്‍ ബന്ധിപ്പിച്ച് ഏറ്റവും പുതിയ ബാക്കപ്പ് ഫോണില്‍ നിന്നും എടുക്കാനുള്ള സാധ്യതയാണ് പിന്നീട് എഫ്ബിഐ തേടിയത് എന്നാല്‍ ഫോണ്‍ ലോക്കായതോടെ ഇത് നടന്നില്ല. തുടര്‍ന്ന് അവര്‍ ഫോണ്‍ പാസ് കോഡ് അണ്‍ലോക്ക് ചെയ്യാന്‍ ആപ്പിളിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആപ്പിള്‍ ഇത് സമ്മതിച്ചില്ല, ഇതോടെ എഫ്ബിഐ കോടതിയെ സമീപിച്ച് അനുകൂലമായ വിധി നേടി. ഇതിനെതിരെ ആപ്പിള്‍ യു.എസ് കോണ്‍ഗ്രസിന്‍റെ നീതിന്യായ കമ്മിറ്റിയെ സമീപിച്ചു. ഇതോടെയാണ് സംഗതി വന്‍ ചര്‍ച്ച ആയത്.

ഈ കേസില്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ ആപ്പിളിന് പിന്തുണ പ്രഖ്യാപിച്ചു. ഇവരും കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍ അപ്പിളിന് എതിര്‍പ്പും നേരിടേണ്ടി വന്നു മുന്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബിന്‍ ഗേറ്റ്‌സ് എഫ്ബിഐയെ പിന്തുണച്ചാണ് രംഗത്ത് എത്തിയത്. ഇന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആപ്പിളിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു അന്ന്. ആപ്പിള്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന് വരെ ചില ചാനലുകളില്‍ ട്രംപ് വശ്യപ്പെട്ടു. അരിസോണയിലെ മരികോപ്പ കൗണ്ടി അറ്റോര്‍ണിയുടെ ഓഫീസ് തങ്ങളുടെ ഐഫോണ്‍ ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യുന്ന അവസ്ഥവരെ ഉണ്ടായി. 

എന്നാല്‍ സംഭവത്തില്‍ ട്വിസ്റ്റായി മാര്‍ച്ച് 29ന് ലീഗല്‍ കമ്മീഷന് മുമ്പാകെ എഫ്ബിഐ സയ്യിദ് റിസ്വാന്‍ ഫാറൂഖിന്റെ മൊബൈല്‍ ഫോണ്‍ തുറന്നതായി അറിയിച്ചു. അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായി മാറി. ആപ്പിളിന് എതിരെയുള്ള എല്ലാ നിയമനടപടികളും ഒറ്റ ദിവസം കൊണ്ട് എഫ്ബിഐ പിന്‍വലിച്ചു. ഇവിടെ ആരാണ് വിജയിച്ചത് എന്ന ചോദ്യം ഉയരുകയാണ്. 

എന്നാല്‍ സാങ്കേതികമായി നോക്കിയാല്‍ ആപ്പിളിന് വലിയ തിരിച്ചടിയാണ് ഇത്. അവരുടെ സഹായം ഇല്ലാതെ ഒരു ആപ്പിള്‍ ഫോണ്‍ എഫ്ബിഐ തുറന്നു. സുരക്ഷിതത്വത്തില്‍ ഊറ്റം കൊണ്ടിരുന്ന ആപ്പിളിന്റെ മേന്മയെ ആണ് എഫ്ബിഐ ചോദ്യം ചെയ്യുന്നത്. പൗരന്റെ സ്വകാര്യത തങ്ങളുടെ സാങ്കേതികതയില്‍ എത്രത്തോളം സുരക്ഷിതം എന്ന് ആപ്പിളിന് വീണ്ടും വിശദീകരിക്കേണ്ടിവരും.  തങ്ങളുടെ സാങ്കേതിക തലച്ചോര്‍ ക്രിയാത്മകമാണെന്ന് അമേരിക്കയുടെ ഏറ്റവും വലിയ സുരക്ഷ ഏജന്‍സിക്ക് പറയാന്‍ സാധിക്കുമ്പോള്‍ സ്വകാര്യതയിലേക്ക് നീളുന്ന ഭരണകൂട നിരീക്ഷണ കണ്ണുകള്‍ എത്രശക്തമാണെന്ന് പുതിയ സംഭവം തെളിയിക്കുന്നു.


ഓഡിയോ ജാക്ക് ഇല്ലാത്ത ഐഫോൺ 7 

140 കൊല്ലം പഴക്കമുള്ള ടെക്നോളജി ലോകത്തെ ഒരു രീതിയാണ് പുതിയ ഐഫോണിലൂടെ ആപ്പിള്‍ ഇല്ലാതാക്കിയത്. അതേ ഓഡിയോ ജാക്കറ്റ് ഇല്ലാത്ത ഡിവൈസ്, അതിന് പകരം ബ്ലൂടൂത്തും, ലൈറ്റനിംഗ് കേബിളും. ചരിത്രപരമായ തീരുമാനം എന്നാണ് ഇതിനെ ടെക് ലോകം വിശേഷിപ്പിച്ചത്.

എന്നാല്‍ ഇതിനെതിരെ വലിയ ക്യാംപെയിന്‍ തന്നെ നടന്നു ടെക് ലോകത്ത്. ബ്ലൂടൂത്ത് നിയന്ത്രിത എയര്‍പോഡുകളാണ് പ്രധാനമായും ഇയര്‍ഫോണ്‍ കേബിളുകള്‍ക്ക് ബദലായി ആപ്പിള്‍ മുന്നോട്ടുവച്ച മാര്‍ഗം. വയര്‍ലെസ് ഓഡിയോ അനുഭവത്തിനായി എയര്‍പോഡുകളും പുതിയ മോഡലുകളിലുണ്ടെന്നാണ് ആപ്പിള്‍ അവകാശപ്പെട്ടത്. 

എന്നാല്‍ ഇത് ഫോണിനൊപ്പം ലഭിക്കാത്തത് വലിയ തിരിച്ചടിയായി. പ്രത്യേകം വാങ്ങേണ്ടി വന്ന ഇയര്‍പോഡുകള്‍ വലിയ ചലനം വിപണിയില്‍ സൃഷ്ടിച്ചില്ല എന്നതാണ് സത്യം.  .

ഫ്രീഡം 251 എന്ന ദുഃസ്വപ്നം 

251 രൂപയ്ക്ക് സ്മാർട്ട്ഫോൺ എന്ന ആശയവുമായി റിംഗിംഗ് ബെൽസ് എന്ന സ്റ്റാർട്ടപ്പ് കമ്പനി പ്രഖ്യാപിച്ച പദ്ധതി. ജൂണിൽ വിതരണം തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ അങ്ങനൊരു സ്മാർട്ട്ഫോൺ ഇറക്കാൻ കമ്പനിക്കു കഴിഞ്ഞിട്ടില്ല. ലോകത്തെ മുഴുവൻ അമ്പരപ്പിച്ച ഫ്രീഡം 251 ഇന്നും ഒരു ദുഃസ്വപ്നമായി നിലനിൽക്കുന്നു.

പൊട്ടിത്തെറിയുടെ സാംസംഗ് ഗാലക്സി നോട്ട് 7 

ഒരു സ്മാർട്ട്ഫോൺ കമ്പനിയുടെ ഏറ്റവും വലിയ തകർച്ചയാണ് ദക്ഷിണകൊറിയൻ കമ്പനിയായ സാംസംഗിലൂടെ ലോകം കണ്ടത്. സാംസംഗിന്റെ ഗാലക്സി നോട്ട് 7 സ്മാർട്ട്ഫോണുകൾ വ്യാപകമായി പൊട്ടിത്തെറിച്ചപ്പോൾ കമ്പനിക്ക് ആ മോഡൽതന്നെ പിൻവലിക്കേണ്ടിവന്നു. ഒപ്പം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. 

click me!