സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ട് ഹാക്ക് ചെയ്‌തു; മറ്റ് വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത നിലയില്‍

By Web Team  |  First Published Sep 20, 2024, 12:48 PM IST

യുഎസ് കമ്പനിയായ റിപ്പിളിന്‍റെ വീഡിയോകളാണ് സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്


ദില്ലി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട നിലയില്‍. യൂട്യൂബ് അക്കൗണ്ടിന്‍റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിളിന്‍റെ പേരാണ് ഹാക്കര്‍മാര്‍ നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി നടപടികള്‍ സംബന്ധിച്ച് മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകളൊന്നും യൂട്യൂബ് അക്കൗണ്ടില്‍ ഇപ്പോള്‍ കാണാനില്ല. പകരം യുഎസ് ആസ്ഥാനമായുള്ള റിപ്പിളിന്‍റെ ക്രിപ്റ്റോ കറന്‍സി പ്രൊമോഷന്‍ വീഡിയോകളാണ് സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനലില്‍ ഇപ്പോള്‍ എക്‌സ്ആര്‍പി എന്ന ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് കാണിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോ കറന്‍സിയാണ് എക്‌സ്ആര്‍പി. 

Latest Videos

സുപ്രീം കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന യൂട്യൂബ് ചാനലാണിത്. സുപ്രധാന കേസുകളില്‍ പലതിന്‍റേയും വീഡിയോകള്‍ ഈ ചാനലിലൂടെ പൊതുജനങ്ങള്‍ക്കായി പങ്കുവെച്ചിരുന്നു. ഈയടുത്ത് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വനിത ഡോക്ടര്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്‍റെ വാദം ഈ ചാനലില്‍ സ്ട്രീമിംഗ് ചെയ്തിരുന്നു. ചാനലിലെ കോടതി വീഡിയോകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യറിയുടെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്യപ്പെട്ടത് ഗുരുതരമായ സൈബര്‍ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

Read more: മസ്‌ക്കിന്‍റെ അടുത്ത ചിപ്പ് പരീക്ഷണം; കാഴ്‌ച നഷ്ടമായവരെ ലോകം കാണിക്കാന്‍ 'ബ്ലൈൻഡ് സൈറ്റ്' വരുന്നു    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!