സ്മോക്ക്ഡ് ടർക്കി, ക്രാൻബെറി സോസ് ഉൾപ്പെടെയുള്ള വിഭവങ്ങളുമായി സുനിതയും സംഘവും താങ്ക്സ് ഗിവിംഗ് ആഘോഷമാക്കി.
താങ്ക്സ് ഗിവിങ് ഡേ ആഘോഷമാക്കി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസും സംഘവും. ആറ് മാസത്തോളമായി മൈക്രോഗ്രാവിറ്റിയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സുനിത ബഹിരാകാശത്തെ ആഘോഷത്തെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചു. ഭൂമിയിൽ നിന്ന് വളരെ അകലെയാണെങ്കിലും, താങ്ക്സ് ഗിവിങ് ദിന ഓർമ്മകളെ കുറിച്ചവർ പറയുന്നുണ്ട്. ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങൾക്ക് നന്ദി പറയാനാണ് താങ്ക്സ് ഗിവിങ് ഡേ ആഘോഷിക്കുന്നത്.
ഈ വർഷം സുനിതയും ബാരി വിൽമോർ ഉൾപ്പെടെയുള്ള സഹപ്രവർത്തകരും പരമ്പരാഗത വിഭവങ്ങളായ സ്മോക്ക്ഡ് ടർക്കി, ക്രാൻബെറി സോസ്, ഗ്രീൻ ബീൻസ്, ആപ്പിൾ കോബ്ലർ എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക വിഭവവുമായി ദിവസം ആഘോഷിച്ചു. കുടുംബാംഗങ്ങളുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തു. ഈ താങ്ക്സ് ഗിവിംഗ് ഡേ ബഹിരാകാശ യാത്രികരെ സംബന്ധിച്ച് അവരുടെ അനുഭവങ്ങളും കുടുംബങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയുമെല്ലാം വെളിപ്പെടുത്തുന്ന സുപ്രധാന നിമിഷമാണ്. ആ ആഘോഷങ്ങളൊക്കെ നടക്കുമ്പോഴും ബഹിരാകാശ യാത്രികർ അവരുടെ നിലവിലുള്ള ദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാവിയിലെ പര്യവേഷണ ദൗത്യങ്ങൾക്കായി പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ്.
undefined
ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്‌ഡൗൺ സുനിത വില്യംസും വിൽമോറും ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം ജൂണിൽ ബോയിങ്ങിന്‍റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ബഹിരാകാശ നിലയത്തിൽ എത്തിയത്. മുൻപും ബഹിരാകാശ നിലയത്തിൽ ദൗത്യത്തിനായി സുനിത പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായാണ് ബഹിരാകാശ നിലയത്തിൽ ദീർഘനാൾ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷാണാർഥം നിലയത്തിൽ എത്തിയ സുനിത വില്യംസിനും വിൽമോറിനും പേടകത്തിലെ സാങ്കേതിക തകരാർ കാരണം അതിൽ തിരിച്ചുവരാനായില്ല. ഫെബ്രുവരിയിൽ തിരിച്ചെത്തുമെന്നാണ് നിലവിലെ വിവരം.
സുനിത വില്യംസിന്‍റെ മടക്കം വൈകുന്നു; ചർച്ചയായി ബഹിരാകാശത്തെ ഫാർമസിയും ജിമ്മും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം