മസ്‌ക് ഇന്ത്യയെ കബളിപ്പിക്കുന്നോ? മണിപ്പൂരില്‍ സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നതായി വീണ്ടും റിപ്പോര്‍ട്ട്

By Web Desk  |  First Published Jan 6, 2025, 10:13 AM IST

ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാര്‍ലിങ്ക് ബീമുകൾ ഓഫ് ആണെന്ന ഇലോണ്‍ മസ്‌കിന്‍റെ വാദം കള്ളമോ? മണിപ്പൂരില്‍ കലാപകാരികള്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് 
 


ഇംഫാല്‍: കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാത്ത സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം മണിപ്പൂരില്‍ കലാപകാരികള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായി വീണ്ടും റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മണിപ്പൂരിലെ സ്റ്റാര്‍ലിങ്ക് ഉപയോഗത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും അന്ന് മസ്‌ക് നിഷേധിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തുള്ള ഇന്‍റര്‍നെറ്റ് നിരോധനത്തെ മറികടക്കാന്‍ മണിപ്പൂരില്‍ കലാപകാരികള്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നതായാണ് പ്രമുഖ രാജ്യാന്തര മാധ്യമമായ ദി ഗാര്‍ഡിയന്‍റെ പുതിയ റിപ്പോര്‍ട്ട്. 

ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി സ്ഥാപിച്ച ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്കിന് ഇതുവരെ ഇന്ത്യാ സര്‍ക്കാര്‍ രാജ്യത്ത് അനുമതി നല്‍കിയിട്ടില്ല. കലാപഭൂമിയായ മണിപ്പൂരില്‍ സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് നിരോധനത്തെ മറികടക്കാന്‍ ആയുധധാരി സംഘങ്ങള്‍ സ്റ്റാര്‍ലിങ്കിന്‍റെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതായി ദി ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മണിപ്പൂരിന് തൊട്ടടുത്ത് കിടക്കുന്ന രാജ്യമായ മ്യാന്‍മാറില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ നിലവില്‍ ലഭ്യമാണ്. മ്യാന്‍മാറില്‍ നിന്ന് കടത്തിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് മണിപ്പൂരില്‍ മിലിട്ടന്‍റ് ഗ്രൂപ്പുകളും പൊതുജനങ്ങളും സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതായാണ് വിവരം. മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സുലഭമാണെന്നും ഇത് കലാപകാരികള്‍ ഉപയോഗിക്കുന്നതായും സംസ്ഥാനത്തെ മിലിട്ടന്‍റ് ഗ്രൂപ്പുകളും പൊലീസും സ്ഥിരീകരിക്കുന്നതായി ഗാര്‍ഡിയന്‍റെ വാര്‍ത്തയില്‍ വിശദീകരിക്കുന്നു. എന്നാല്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ശൃംഖലയുടെ ഉടമകളായ സ്പേസ് എക്‌സ് കമ്പനി ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Latest Videos

ഇന്ത്യയിലും സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിക്ക് അനുമതി ലഭിക്കാന്‍ ഇലോണ്‍ മസ്‌ക് കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഇലോണ്‍ മസ്‌കിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ മണിപ്പൂരിൽ കലാപകാരികൾ ഉപയോഗിക്കുന്നതായി 2024 ഡിസംബറിലും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ അന്ന് ആരോപണം നിഷേധിച്ച് ഇലോണ്‍ മസ്ക് രംഗത്തെത്തി. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാര്‍ലിങ്ക് ബീമുകൾ ഓഫ് ആണെന്നായിരുന്നു ഡിസംബറില്‍ മസ്ക് എക്സിൽ കുറിച്ചത്. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റിൽ നടത്തിയ റെയ്ഡിൽ സൈന്യം പിടിച്ചെടുത്ത ഉപകരണങ്ങളിൽ സ്റ്റാര്‍ലിങ്ക് ലോഗോയുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നു. ഇതാണ് മണിപ്പൂരില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് കലാപകാരികള്‍ ഉപയോഗിക്കുന്നതിന് അന്ന് തെളിവായത്. പിന്നാലെയാണ് ആരോപണത്തിന് മസ്‌ക് എക്‌സിലൂടെ മറുപടി നൽകിയത്. 

Read more: 'ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാര്‍ലിങ്ക് ബീമുകൾ ഓഫ്'; സ്റ്റാർലിങ്ക് ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ലെന്ന് മസ്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!