ദില്ലി: സോഷ്യൽ മീഡിയകളിൽ ഫേസ്ബുക്കും വാട്ട്സ്ആപ്പും തങ്ങളുടെ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ച വർഷമാണ് കഴിഞ്ഞത്. അത് ഉറപ്പിക്കുന്ന തരത്തിലായിരിക്കും 2018 ലെ സോഷ്യല്‍ മീഡിയ വളര്‍ച്ചയും എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. ട്വിറ്റർ, ലിങ്കിഡ്ഇൻ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവ മാത്രമാണ് ഫേസ്ബുക്കിന്റെ മുന്നിൽ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. ഇതില്‍ ഇന്‍സ്റ്റഗ്രാം ഫേസ്ബുക്കിന്റെ കൈയ്യില്‍ തന്നെയാണ് ഉള്ളത്.
എന്നാല്‍ സന്ദേശ കൈമാറ്റ ആപ്പുകളില്‍ വാട്ട്സ്ആപ്പിന് വെല്ലുവിളിയായി ടെലഗ്രാം ഉയര്‍ന്നുവരുന്നുണ്ട്. അതിനോടപ്പം വോയിസ്, വീഡിയോ കോളുകള്‍ നല്കുന്ന ആപ്പുകള്‍ക്കെതിരെ വിവിധ രാജ്യങ്ങള്‍ നടപടി എടുക്കുന്നത് വലിയ വെല്ലുവിളിയാണ്. യുഎഇയില്‍ അടുത്തിടെ സ്കൈപ്പ് നിരോധിച്ചു. ഇതിന് ഒപ്പം തന്നെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ആണ് പല സന്ദേശ കൈമാറ്റ ആപ്പുകളും അതിനാല്‍ തന്നെ പല രാജ്യങ്ങളിലും ഇതിനെതിരെ കേസ് നടക്കുന്നുണ്ട്. ഇതില്‍ വരുന്ന വിധികള്‍ നിര്‍ണ്ണായകമാകും.
ഡിസംബർ അവസാനം ആധാറുമായി അക്കൗണ്ട് ബന്ധിക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്ക് ആലോചിച്ചെങ്കിലും ഏറ്റവും കൂടുതൽ അക്കൗണ്ടുള്ള ഇന്ത്യയിൽ ഇത് ദോഷം ചെയ്യുമെന്ന് മനസിലായതോടെ ശ്രമം ഉപേക്ഷിച്ചു. എന്നാൽ സർക്കാർ കർശനമായ ഒരു നിയന്ത്രണം സോഷ്യൽ മീഡിയയുടെ മേൽ കൊണ്ടുവന്നാൽ കൈയിൽ ആധാർ നമ്പറുമായി ഫേസ്ബുക്കിൽ ലോഗിൻ ചെയ്യേണ്ടി വരും.
കൂടുതൽ ജനപ്രിയ ഫീച്ചറുകൾ വാട്സ്ആപ്പും ഫേസ്ബുക്കും ഈ വർഷവും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ സോഷ്യൽ മീഡിയകളിലൂടെയുള്ള വ്യാജ പ്രചരണങ്ങൾ നിയന്ത്രിക്കാന്‍ ഗൗരവകരമായ നടപടികള്‍ നടന്നേക്കും. അതേ സമയം ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഫലങ്ങളും 2018 ലെ സോഷ്യല്‍ മീഡിയയെ സ്വദീനിച്ചേക്കാം.