ടെല്‍ഹൈസി : ഇരട്ടത്തലയുള്ള പാമ്പിനെ ഫ്ലോറിഡയില്‍ കണ്ടെത്തി. മലമ്പാമ്പ് വിഭാഗത്തില്‍ പെട്ട പാമ്പ് ഫളോറിഡയിലെ ഒരു മൃഗാശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ടാഴ്ചയാണ് പാമ്പുപിടുത്തക്കാരുടെ കയ്യില്‍ എത്തുമ്പോള്‍ പാമ്പിന്‍റെ പ്രായം. രണ്ട് തല അപൂര്‍വ്വമായി സംഭവിക്കാവുന്ന പ്രതിഭാസമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഡോക്ടര്‍മാരെ ഞെട്ടിപ്പിച്ചത് മറ്റൊരു സംഗതിയാണ്.
പാമ്പിനെ വിശദമായി പരിശോധിച്ചപ്പോള്‍ ഈ പാമ്പിനുള്ളില്‍ രണ്ട് ഹൃദയം കണ്ടെത്തി. രണ്ട് ഹൃദയത്തിലും രക്ത പര്യയന വ്യവസ്ഥ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പുറം പാളിക്കുള്ളില്‍ രണ്ട് പാമ്പുകള്‍ ചേര്‍ന്നിരിക്കുകയാണെന്നാണ് ഡോക്ടര്‍മാര്‍ വിഷയത്തില്‍ ഒടുവിലെത്തിയ നിഗമനം. വ്യത്യസ്ഥ ദഹന വ്യവസ്ഥയും ഇവര്‍ക്കുണ്ട്. എന്നാല്‍ വൃക്കയടക്കമുള്ള അവയവങ്ങള്‍ ഇവ പരസ്പരം പങ്ക് വെയ്ക്കുകയാണ്.
ഈ പാമ്പുകള്‍ക്ക് വലിയ ജീവിതകാലം ഉണ്ടാകാറില്ല. ആന്തരിക അവയവങ്ങളുടെ തകരാറുകളോ ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷമോ ഇവയുടെ ജീവന്‍ എടുക്കും. എന്നാല്‍ അടുത്തിടെ ഒരു എലിയെ ഭക്ഷണമായി ഇവര്‍ക്ക് നല്‍കിയപ്പോള്‍ ഒരു പാമ്പ് ഇതിനെ പിടികൂടി കഴിക്കാന്‍ ആരംഭിച്ചെന്നും ആ സമയം രണ്ടാമത്തെ തല പ്രശ്നമുണ്ടാക്കിയില്ലെന്നതും ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തുന്നുണ്ട്.