സാമ്പത്തിക മാന്ദ്യം, പുനര്‍നിര്‍മാണം, ചിലവ് കുറയ്ക്കല്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ കമ്പനികള്‍ നടത്തിവരുന്നത്
ദില്ലി: രാജ്യത്തെ ഐടി മേഖലയില്‍ 'നിശബ്ദ പിരിച്ചുവിടല്‍' നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2023ല്‍ 20,000ത്തോളം ടെക്കികളെ പിരിച്ചുവിട്ടതായി സൂചന. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഞ്ച് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സേവന കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, എല്‍ടിഐ-മൈന്‍ഡ് ട്രീ, ടെക് മഹീന്ദ്ര, വിപ്രോ എന്നിവയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അവരുടെ ആകെയുള്ള ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐടി കമ്പനി ജീവനക്കാരുടെ സംഘടനയായ ആള്‍ ഇന്ത്യ ഐടി ആന്റ് ഐടിഇഎസ് എംപ്ലോയിസ് യൂണിയന്‍ (എഐഐടിഇയു) ആണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത് എന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
സാമ്പത്തിക മാന്ദ്യം, പുനര്‍നിര്‍മാണം, ചിലവ് കുറയ്ക്കല്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ കമ്പനികള്‍ നടത്തിവരുന്നത്. എച്ച്‌സി എല്‍ടെക് മാത്രമാണ് കൂടുതല്‍ ജീവനക്കാരെ ജോലിക്കെടുത്തത്. വരും വര്‍ഷങ്ങളിലും ഐടി മേഖലയില്‍ ഇത്തരത്തിലുള്ള പിരിച്ചുവിടലുകള്‍ തുടരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
undefined
കൊവിഡ് കാലത്ത് നിരവധിപ്പേരെ കമ്പനികള്‍ അധികമായി ജോലിക്കെടുത്തിരുന്നു എന്നും തുടര്‍ന്ന് മേഖലയെ ബാധിച്ചിരിക്കുന്ന ഇടിവില്‍ നിന്ന് രക്ഷനേടാനായണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോളതലത്തില്‍ ഐടി കമ്പനികളില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധി രാജ്യത്തെ ഐടിമേഖലയിലും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ഐബിഎം, ഇന്റല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടുണ്ട്.
ഇന്ത്യന്‍ ഐടി മേഖലയില്‍ തൊഴിലാളി വിരുദ്ധ പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും 2023-ല്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടല്‍ കാരണം ജോലി നഷ്ടപ്പെട്ടത് ഏകദേശം 20,000 ഓളം പേര്‍ക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യഥാര്‍ഥ കണക്കുകള്‍ ഇതിലും വലുതാണെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു സെക്ഷനിലെ ജീവനക്കാര്‍ക്ക് മറ്റൊരു സെക്ഷനിലേക്ക് 30 ദിവസത്തിനുള്ളില്‍ ജോലി നല്കുമെന്ന പേരിലാണ് പല സ്ഥാപനങ്ങളും പിരിച്ചുവിടല്‍ നടത്തുന്നതെന്നും പലരും ഈ വാഗ്ദാനം പാലിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2024-ലെ ആദ്യ അഞ്ച് മാസത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാന ഐടി കമ്പനികളില്‍ നിന്ന് 2,000-നും 3,000-നും ഇടയില്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെനറ്റ് (എന്‍ഐടിഇഎസ്) റിപ്പോര്‍ട്ടില്‍ പറയുന്നത്.
Read more: പുകവലി നിർത്തണോ? പരിഹാരമുണ്ട്, കിടിലന്‍ ആപ്പുകൾ പരിചയപ്പെടാം, പണമടക്കം ഗുണം പലതാണ്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം