ജനവികാരവും യഥാർഥ ജനജീവിതവും വിലയിരുത്തുന്നതിലും പ്രതിഫലിപ്പിക്കുന്നതിലും ട്വിറ്റർ വിവരങ്ങൾ വിശ്വാസയോഗ്യമല്ലെന്ന് ശാസ്ത്രജ്ഞർ. 300 ദശലക്ഷം സജീവ ഉപയോക്താക്കളുള്ള ഇൗ സാമൂഹിക മാധ്യമത്തിലെ വിവരങ്ങൾ പലപ്പോഴും പ്രതിലോമകരം മാത്രമാണെന്നാണ് ഇംഗ്ലണ്ടിലെ വാർവിക് സർവകലാശാലയിലെ സോഷ്യാളജി വിദ്ഗദൻ എറിക് ജൻസൺ പറയുന്നത്.
ഉപയോഗിക്കുന്നവരുടെ യഥാർഥ വികാരമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നതെന്നതിന് തെളിവുകൾ ഇല്ലെന്നും ഇദ്ദേഹം പറയുന്നു. ട്വിറ്റർ ഉപയോഗിക്കുന്നവർ അവരുടെതായമാത്രം സാംസ്കാരിക രീതികളും സംസാരവും വ്യക്തിത്വവും കാഴ്ചപ്പാടുകളും മാത്രമാണ് പങ്കുവെക്കുന്നത്. സാമൂഹികമായ ഒത്തുചേരൽ, ദൃഡമായ ബന്ധങ്ങൾ എന്നിവയുടെ കാര്യങ്ങളിലൊന്നും ഒാൺലൈൻ മാധ്യമങ്ങൾ ഒാഫ്ലൈൻ മാധ്യമങ്ങൾക്ക് പകരമല്ലെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
ട്വിറ്റർ ഉപയോഗിക്കുന്നവർക്കിടയിൽ നടത്തിയ സാമ്പിൾ സർവെയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വിവരങ്ങൾ പി.എൽ.ഒ.എസ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ പഠനങ്ങളില്‍ ട്വിറ്റർ പൊതുജനവികാരം പ്രതിഫലിപ്പിക്കുന്നതല്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരാണ് കൂടുതലായി ട്വിറ്റർ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലെ നിലപാടുകളെ പൊതുനിലാപടെന്നോ ഭൂരിപക്ഷ നിലപാടെന്നോ വ്യാഖ്യാനിക്കാന്‍ ബുദ്ധിമുട്ടാണ്.
ട്വിറ്റർ ഉപയോഗിക്കുന്നവർ തങ്ങളുടെ സമൂഹത്തിലെ സ്ഥാനം കൂടി കണക്കിലെടുത്ത് വിഷയങ്ങളുടെ ഒരു വശം മാത്രമേ അവതരിപ്പിക്കുന്നുള്ളൂവെന്ന് ജെൻസൺ പറയുന്നു. അവരുടെ യഥാർഥ വികാരവും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നു. ജനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പുലർത്തുന്ന ബന്ധവും വ്യക്തിത്വവും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.