റിയാദ്: സത്യസന്ധതയുടെ ആപ്ലിക്കേഷൻ എന്ന വിശേഷണത്തോടെ എത്തിയ സറഹ പലര്‍ക്കും പണികൊടുക്കുമെന്ന് റിപ്പോര്‍ട്ട്. സ്വയം വെളിപ്പെടുത്താതെ സന്ദേശങ്ങൾ അയയ്ക്കാൻ സഹായിക്കുന്നു എന്നതാണ് സറഹ എന്ന ആപ്പിനെ ശ്രദ്ധേയമാക്കിയത്. ലക്ഷക്കണക്കിനുപേർ അതിനുപിന്നാലെ പോകുകയും ചെയ്തു. ആപ്ലിക്കേഷനു പുറമേ വെബ് സർവീസ് ആയും സറഹ ലഭ്യമാണ്.
സുരക്ഷയുടെ കാര്യത്തിൽ സംശയമുണ്ടായിരുന്നവര് അന്നും ഇന്നും ഈ അപ്പില്‍ നിന്നും അകലം പാലിച്ചു. അവരുടെ സംശയം ശരിവയ്ക്കുന്ന വിധമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐടി സെക്യൂരിറ്റി കണ്‍സൾട്ടിംഗ് സ്ഥാപനമായ ബിഷപ് ഫോക്സിലെ സാക്കറി ജൂലിയൻ കണ്ടെത്തിയത് ഗൗരവമുള്ള കാര്യങ്ങളാണ്.
ഇൻസ്റ്റാൾ ചെയ്യുന്ന ഫോണുകളിൽനിന്ന് സറഹ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്നു എന്നാണ് വിവരം. കോണ്ടാക്ട്സ് അടക്കമുള്ള വിവരങ്ങളാണ് ഒരു മോണിറ്ററിംഗ് സോഫ്റ്റ്വെയർ സ്യൂട്ട് ഉപയോഗിച്ച് സറഹ സ്വന്തം സെർവറുകളിലേക്ക് എത്തിക്കുന്നത്.
ആപ്ലിക്കേഷനിലേക്ക് ലോഗ് ഇൻ ചെയ്യുന്ന നിമിഷം മുതൽ ഇ-മെയിൽ, ഫോണ്‍ നന്പറുകൾ എന്നിവ ട്രാൻസ്മിറ്റ് ചെയ്ത് എടുക്കുകയാണ് സറഹ ചെയ്യുന്നതത്രേ. അടുത്ത അപ്ഡേറ്റ് മുതൽ ഇത്തരം നടപടികൾ ഉണ്ടാകില്ലെന്നാണ് ഇപ്പോൾ സറഹ സ്ഥാപകൻ സൈൻ അൽ-ആബിദീൻ വ്യക്തമാക്കിയിരിക്കുന്നത്.