പുതിയ മെറ്റീരിയൽ നിർമ്മാണ മേഖലയിലെ പാരിസ്ഥിതിക ആഘാതം കുറക്കുമെന്നും നിർമാണ രംഗത്ത് ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
ബെംഗളൂരു: പ്രകൃതിദത്ത മണലിന് പകരമായി നിർമാണത്തിനുപയോഗിക്കാവുന്ന വസ്തു വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ശാസ്ത്രജ്ഞരാണ് നിർമ്മാണത്തിൽ പ്രകൃതിദത്ത മണലിന് പകരം വയ്ക്കാൻ കഴിയുന്ന പുതിയ മെറ്റീരിയൽ നിർമിച്ചത്. നിർമ്മാണ രംഗത്തെ നിർണായക ഘടകമായ മണലിൻ്റെ വർദ്ധിച്ചുവരുന്ന ക്ഷാമം കണക്കിലെടുത്താണ് കണ്ടുപിടുത്തം.
ഐഐഎസ്‌സിയുടെ സെൻ്റർ ഫോർ സസ്റ്റൈനബിൾ ടെക്‌നോളജീസിലെ (സിഎസ്‌ടി) സംഘം വ്യാവസായിക മാലിന്യ വാതകങ്ങളിൽ ശേഖരിക്കുന്ന കാർബൺ ഡൈ ഓക്‌സൈഡ് (CO2) ഉപയോഗിച്ചാണ് പുതിയ മെറ്റീരിയൽ വികസിപ്പിച്ചത്. കുഴിച്ചെടുത്ത മണ്ണും നിർമ്മാണ മാലിന്യങ്ങളും കാർബൺ ഡൈഓക്സൈഡ് ഉപയോഗിച്ച് സംസ്കരിക്കുകയും അതിനെ മണലിനെ ബദലാക്കി ഉപയോഗിക്കുകയും ചെയ്യാമെന്നാണ് കണ്ടെത്തൽ.
പുതിയ മെറ്റീരിയൽ നിർമ്മാണ മേഖലയിലെ പാരിസ്ഥിതിക ആഘാതം കുറക്കുമെന്നും നിർമാണ രംഗത്ത് ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു. അസിസ്റ്റൻ്റ് പ്രൊഫസർ സൗരദീപ് ഗുപ്തയുടെ നേതൃത്വത്തിലാണ് കണ്ടെത്തൽ. രാജ്യത്തിൻ്റെ കാർബൺരഹിത ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് കുറഞ്ഞ കാർബൺ പ്രീ ഫാബ്രിക്കേറ്റഡ് ബിൽഡിംഗ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് വികസിപ്പിച്ചതെന്ന് സൗരദീപ് ഗുപ്ത വിശദീകരിച്ചു. മണ്ണിലേക്ക് കാർബൺഡൈ ഓക്സൈഡ് മിശ്രിതപ്പെടുത്തുന്നച് സിമൻ്റും കുമ്മായവുമായുള്ള മിശ്രിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.