പുതിയ ഐഫോണ്‍ വില്‍ക്കുമ്പോള്‍ സാംസങ്ങിനും കാശ് കിട്ടും

By Web Desk  |  First Published Oct 3, 2017, 4:58 PM IST

സ്‌മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളും സാംസങ്ങും തമ്മിലുള്ള വൈരം ഏവര്‍ക്കും അറിയാവുന്നതാണ്. ഇരുവരും തമ്മിലുള്ള കേസ് കോടതിയില്‍ തീര്‍പ്പാക്കിയത് കോടികളുടെ നഷ്‌ടപരിഹാരം നല്‍കാനുള്ള വിധിയോടെയാണ്. ഇപ്പോഴിതാ, ആപ്പിളിന്റെ ഏറ്റവും പുതിയ സ്‌മാര്‍ട്‌ഫോണായ ഐഫോണ്‍ എക്‌സ് വില്‍ക്കുമ്പോള്‍ ഒരു ലാഭവിഹിതം സാംസങിനും ലഭിക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. 999 ഡോളര്‍, അതായത് 65,600 രൂപ വിലയുള്ള ഐഫോണ്‍ x വില്‍ക്കുമ്പോള്‍, അതില്‍ 110 ഡോളര്‍ സാംസങ്ങിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നത്. പുതിയ ഐഫോണിന്റെ ഒഎല്‍ഇഡി പാനലുകള്‍, എന്‍എഎന്‍ഡി ഫ്ലാഷ്, ഡിആര്‍എഎം ചിപ്പ് എന്നിവ നല്‍കിയിരിക്കുന്നത് സാംസങ്ങാണ്. ഒരു ഐഫോണിലുള്ള ഈ മൂന്നു പാര്‍ട്സുകളുടെ വില ഏകദേശം 110 ഡോളര്‍ വരുമെന്നാണ് കണക്ക്. അടുത്ത രണ്ടുവര്‍ഷത്തിനകം ഏകദേശം 130 മില്യണ്‍ ഐഫോണ്‍ എക്സ് യൂണിറ്റുകള്‍ നിര്‍മ്മിച്ച് വിറ്റഴിക്കുമെന്നാണ് വിവരം. ഇതിനുള്ള ഓര്‍ഡര്‍ സാംസങ്ങിന് ആപ്പിള്‍ നല്‍കി കഴിഞ്ഞത്രെ. അങ്ങനെയെങ്കില്‍ ഐഫോണ്‍ വില്‍പനയിലൂടെ സാംസങ്ങിന് ലഭിക്കാന്‍ പോകുന്നത് കോടികണക്കിന് ഡോളര്‍ ആയിരിക്കും. അതായാത് സ്വന്തം ഫ്ലാഗ്ഷിപ്പ് ഫോണായ ഗ്യാലക്‌സി എസ് 8 വില്‍ക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഐഫോണ്‍ എക്‌സ് വില്‍പനയിലൂടെ സാംസങ്ങിന് ലഭിക്കുമെന്നാണ് വിവരം.

click me!