ഐഫോണുകളിലും പിക്‌സല്‍ ഫോണുകളിലും ലഭ്യമായ കാര്‍ ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ സാംസങിന്‍റെ ഗ്യാലക്സി ഫോണുകളിലേക്കും വരുന്നു
സാംസങ് ഗ്യാലക്സി എസ്25 സിരീസ് 2025 ജനുവരി 22ന് നടക്കുന്ന ഗ്യാലക്സി അണ്‍പാക്‌ഡ് ഇവന്‍റില്‍ പുറത്തിറക്കും എന്നാണ് പ്രതീക്ഷ. ഇതില്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്‌മാര്‍ട്ട്ഫോണ്‍ ഗ്യാലക്സി എസ് 25 അള്‍ട്രയാണ്. ഈ ഫ്ലാഗ്ഷിപ്പ് ഫോണില്‍ കാര്‍ ക്രാഷ് ഡിറ്റക്ഷന്‍ സെന്‍സര്‍ വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വാഹനം അപകടത്തില്‍പ്പെട്ടാല്‍ അടിയന്തര സര്‍വീസുകള്‍ക്ക് ആ വിവരം കൈമാറുന്ന സെന്‍സര്‍ സംവിധാനമാണ് കാര്‍ ക്രാഷ് ഡിറ്റക്ഷന്‍.
ആപ്പിളിന്‍റെ ഐഫോണുകളിലും ഗൂഗിളിന്‍റെ പിക്‌സല്‍ സ്‌മാര്‍ട്ട്ഫോണുകളിലുമുള്ള അത്യാധുനിക സുരക്ഷാ സംവിധാനമാണ് കാര്‍ ക്രാഷ് ഡിറ്റക്ഷന്‍. ആപ്പിള്‍ വാച്ചുകളിലും ഈ സുരക്ഷാ ഫീച്ചറുണ്ട്. സാംസങിന്‍റെ വരാനിരിക്കുന്ന ഗ്യാലക്സി എസ്25 അള്‍ട്രയില്‍ ഈ വെര്‍ച്വല്‍ സെന്‍സര്‍ ഉള്‍പ്പെടുത്തും എന്നാണ് പുതിയ ലീക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്യാലക്സി എസ്25 അള്‍ട്രയില്‍ കാര്‍ ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ വരുമെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌മാർട്ട്‌ഫോണിലെ ആക്‌സിലറോമീറ്റർ, ജിപിഎസ് തുടങ്ങിയ സെൻസറുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുന്ന ഒരു കോമ്പോസിറ്റ് സെൻസറാണ് ഗ്യാലക്സി എസ്25 അള്‍ട്രയിലെ കാര്‍ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം എന്നാണ് സൂചന.
സാംസങിന്‍റെ ഏറ്റവും വലിയ എതിരാളിയായ ആപ്പിളിന് വര്‍ഷങ്ങളായി ഐഫോണുകളില്‍ കാര്‍ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനമുണ്ട്. ഗൂഗിളിന്‍റെ പിക്‌സല്‍ ഫോണുകളിലും ഈ ഫീച്ചര്‍ കാണാം. 2022ല്‍ ഐഫോണ്‍ 14 സിരീസിലൂടെയാണ് ആപ്പിള്‍ കാര്‍ ക്രാഷ് ഡിറ്റക്ഷന്‍ സെന്‍സര്‍ അവതരിപ്പിച്ചത്. ഡുവല്‍-കോര്‍ ആക്‌സിലറോമീറ്ററും ഉയർന്ന ഡൈനാമിക് റേഞ്ചിലുള്ള ഗൈറോസ്കോപ്പുമാണ് ഐഫോണ്‍ യൂസര്‍മാര്‍ സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പ്പെട്ടോ എന്ന് തിരിച്ചറിഞ്ഞ് അടിയന്തര സര്‍വീസുകള്‍ക്ക് സന്ദേശം കൈമാറുന്നത്. അതേസമയം ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലുള്ളത് എഐ അധിഷ്ഠിത സംവിധാനമാണ്. പിക്സല്‍ ഫോണിലെ ആക്‌സിലറോമീറ്റര്‍, ജിപിഎസ്, മൈക്രോഫോണ്‍ എന്നിവയില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ വിശകലനം ചെയ്‌ത് അടിയന്തര സര്‍വീസുകള്‍ക്ക് സന്ദേശം കൈമാറും.
Read more: വിപണി കീഴടക്കാൻ ഗ്യാലക്‌സി റിങ് 2 വരുന്നു; പുതിയ സ്‌മാര്‍ട്ട് മോതിരത്തിന്‍റെ ഫീച്ചറുകള്‍ എന്തെല്ലാം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം