യുഎസിന് പണിയായി 'സാൾട്ട് ടൈഫൂൺ'; ചൈനീസ് സൈബര്‍ ആക്രമണം കരുതിയതിലും പ്രഹരശേഷിയില്‍, വന്‍ നേതാക്കളും ലക്ഷ്യം

By Web Desk  |  First Published Jan 7, 2025, 9:46 AM IST

മുതിർന്ന യുഎസ് ഗവൺമെന്‍റ് ഉദ്യോഗസ്ഥരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ള ഉയർന്ന വ്യക്തികളെയും ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്


ന്യൂയോര്‍ക്ക്: യുഎസിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളെ ലക്ഷ്യമിട്ടുള്ള ചൈനീസ് ഹാക്കർമാരുടെ ആക്രമണം കരുതിയതിലും വലുത്. പുതിയ റിപ്പോർട്ടുകള്‍ അനുസരിച്ച് അപകടകരമായ സാഹചര്യത്തിലേക്കാണ് അമേരിക്കന്‍ കമ്പനികള്‍ക്കെതിരായ ഹാക്കിംഗ് നീക്കങ്ങളുടെ പോക്ക്. 'സാൾട്ട് ടൈഫൂൺ' എന്നറിയപ്പെടുന്ന ചൈനീസ്-ലിങ്ക്ഡ് ഗ്രൂപ്പ് വ്യവസായ ഭീമൻമാരായ എ.ടി. ആന്‍ഡ് ടി, വെരിസോണ്‍ എന്നിവയുൾപ്പെടെ കുറഞ്ഞത് ഒമ്പത് യുഎസ് ടെലികോം കമ്പനികളുടെ നെറ്റ്‌വർക്കുകളാണ് നിലവിൽ ഹാക്കിംഗിന് ഇരയാക്കിയത്. 

വാഷിംഗ്‌ടണ്‍ സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഹാക്കർമാർ സെൻസിറ്റീവ് നെറ്റ്‌വർക്ക് ഡാറ്റയിലേക്കും ഫോൺ കോളുകളിലേക്കും ആക്‌സസ് നേടിയാണ് പ്രവർത്തനം നടത്തുന്നത്. മുതിർന്ന യുഎസ് ഗവൺമെന്‍റ് ഉദ്യോഗസ്ഥരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ള ഉയർന്ന വ്യക്തികളെയും ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. 'അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം ടെലികോം ഹാക്കിംഗ്' എന്നാണ് യുഎസ് ഉദ്യോഗസ്ഥർ സാൾട്ട് ടൈഫൂൺ പ്രവർത്തനത്തെ വിശേഷിപ്പിച്ചിക്കുന്നത്. അൺപാച്ച് ചെയ്യാത്ത നെറ്റ്‌വർക്ക് ഉപകരണങ്ങളും വലിയ നെറ്റ്‌വർക്ക് റൂട്ടറുകളും ആക്രമണകാരികൾ ചൂഷണം ചെയ്തുവെന്ന് വാഷിംഗ്‌ടണ്‍ സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Latest Videos

Read more: ഇസ്രൊയുടെ ക്യൂട്ട് കുട്ടികള്‍; ഇന്ത്യ ബഹിരാകാശത്തേക്ക് അയച്ച പയര്‍വിത്തുകള്‍ക്ക് ഇലകള്‍ വിരിഞ്ഞു

ടെലികോം കമ്പനികൾ അവരുടെ നെറ്റ്‌വർക്കുകൾ സുരക്ഷിതമാക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായിട്ടില്ല. കൂടാതെ നിലവിലെ സൈബർ സുരക്ഷാ നടപടികൾ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിന് ജാഗ്രത പാലിക്കാനും ശക്തമായ സൈബര്‍ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാനും ഭരണകൂടം കമ്പനികളോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ഇപ്പോൾ. മുമ്പ് കരുതിയിരുന്നതിലും വലിയ സൈബര്‍ ആക്രമണമാണ് യുഎസ് ടെലികോം കമ്പനികള്‍ക്കെതിരെ നടന്നത് എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. 

നിർണായകമായ യുഎസ് ഇൻഫ്രാസ്ട്രക്ചർ ഹാക്ക് ചെയ്യാനുള്ള ചൈനീസ് ഹാക്കർമാരുടെ കഴിവ് ദേശീയ സുരക്ഷയ്ക്ക് കാര്യമായ ഭീഷണി ഉയർത്തുന്നുവെന്നത് വ്യക്തമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അന്വേഷണങ്ങൾ തുടരുമ്പോൾ, പ്രതിരോധം ശക്തിപ്പെടുത്തുന്നതിലും അത്തരം സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റിപ്പോർട്ടുകൾ നിർദേശിക്കുന്നുണ്ട്.

Read more: സ്പേഡെക്സ് ഡോക്കിംഗ് എന്തുകൊണ്ട് മാറ്റി? സാങ്കേതിക പ്രശ്‌നം എന്ന് ഐഎസ്ആര്‍ഒ; പുതിയ വീഡിയോ പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!