പിരിച്ചുവിട്ട തൊഴിലാളി സിഇഒയുടെ പാസ്‌പോര്‍ട്ട് അടിച്ചുകൊണ്ടുപോയതായി പരാതി; അതും യുഎസ് വിസ സ്റ്റാംപ് ചെയ്തത്

By Web Team  |  First Published Aug 17, 2024, 9:53 AM IST

സാര്‍തി എഐയിലെ കൂട്ടപ്പിരിച്ചുവിടല്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു


ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാര്‍ട്ട്ആപ്പ് കമ്പനിയായ സാര്‍തി എഐയിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ നാടകീയ സംഭവങ്ങള്‍. ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട സീനിയര്‍ ജീവനക്കാരന്‍ യുഎസ് വിസ സ്റ്റാംപ് ചെയ്‌തിട്ടുള്ള തന്‍റെ പാസ്‌പോര്‍ട്ട് അടിച്ചുകൊണ്ടുപോയതായി കമ്പനി സിഇഒ പരാതിപ്പെടുന്നതായി ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

സാര്‍തി എഐയിലെ കൂട്ടപ്പിരിച്ചുവിടല്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയെന്ന വ്യാപക പരാതിയും ഇതിനൊപ്പം ഉയരുന്നുണ്ട്. ഇതിനിടെയാണ് മറ്റൊരു നാടകീയ സംഭവമുണ്ടായിരിക്കുന്നത്. പുറത്താക്കാപ്പെട്ട ജോലിക്കാരന്‍ തന്‍റെ പാസ്‌പോര്‍ട്ട് തട്ടിക്കോണ്ടുപോയി എന്നാണ് സാര്‍തി എഐ സിഇഒ പറയുന്നത്. യുഎസ് വിസയടക്കം സ്റ്റാംപ് ചെയ്‌തിട്ടുള്ള പാസ്‌പോര്‍ട്ടാണിത്. ഇതോടെ കമ്പനിക്ക് കൂടുതല്‍ പണം കണ്ടെത്താന്‍ വിദേശത്തേക്ക് യാത്ര ചെയ്യാന്‍ തനിക്കാകുന്നില്ല എന്ന് വിശ്വ നാഥ് ഝാ പരാതിപ്പെടുന്നു. പുതിയ പാസ്‌പോര്‍ട്ട് അദേഹത്തിന് ലഭിച്ചെങ്കിലും യുഎസ് വിസക്കായി കാത്തിരിക്കുകയാണ് എന്നും ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാര്‍തി എഐയുടെ സ്ഥാപകന്‍ കൂടിയാണ് നിലവിലെ സിഇഒയായ വിശ്വ നാഥ് ഝാ. 

Latest Videos

കഴിഞ്ഞ വര്‍ഷം ജോലിക്കാരില്‍ ഭൂരിഭാഗത്തിനെയും പിരിച്ചുവിടാന്‍ സാര്‍തി എഐ തീരുമാനിച്ചത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. കമ്പനിയെ സാമ്പത്തികമായി സുസ്ഥിരപ്പെടുത്താന്‍ നിക്ഷേപകരുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു കൂട്ടപ്പിരിച്ചുവിടല്‍ എന്നായിരുന്നു അന്ന് ഝായുടെ പ്രതികരണം. ജീവനക്കാര്‍ക്ക് എല്ലാവര്‍ക്ക് എല്ലാവര്‍ക്കും ശമ്പളം കൃത്യമായി നല്‍കിയിരുന്നതായി ഝാ വാദിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിലേറെ ശമ്പളം നല്‍കാതിരുന്ന ശേഷമാണ് പിരിച്ചുവിട്ടത് എന്ന പ്രതികരണവുമായി മുന്‍ തൊഴിലാളികളും നിലവിലെ ജീവനക്കാരും രംഗത്തെത്തി. ലീഗല്‍ നോട്ടീസിന് പോലും വിശ്വ നാഥ് ഝാ മറുപടി നല്‍കിയില്ല എന്ന ജീവനക്കാരുടെ വെളിപ്പെടുത്തലും പിന്നാലെ വന്നു. 

സാര്‍തി എഐ ഇപ്പോഴും വലിയ സാമ്പത്തിക ഞെരുക്കം നേരിടുന്നതായും കൂടുതല്‍ പ്രവര്‍ത്തന മൂലധനം തേടാന്‍ കമ്പനി ശ്രമിക്കുന്നതായും ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.  

Read more: ബ്രൗസിംഗും വായനയും എഴുത്തുമെല്ലാം ഈസിയാവും; വണ്‍പ്ലസ് നോര്‍ഡ് 4ല്‍ മൂന്ന് പുതിയ എഐ ടൂളുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!