പോകിമോന്‍ ഗോ എന്നത് മൊബൈല്‍ വെര്‍ച്വല്‍ റിയാലിറ്റി ആപ്പുകളുടെ രംഗത്ത് വിപ്ലവമായിരുന്നു. പോകിമോനെ പിടിക്കാന്‍ കാട്ടിലും മേട്ടിലും അലഞ്ഞവര്‍ നിരവധി. അതിന്‍റെ രസകരമായ കഥകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഈ നാട്ടിലെയും റോഡിലെയും കളികൊണ്ട് വല്ല ഗുണവുമുണ്ടോ. ചിലരുടെ ഫിറ്റ്നസ് ശീലങ്ങള്‍ മാറിയെന്നത് മാത്രമാണ് ഗുണം. അത് അവിടെ ഇരിക്കട്ടെ, ഇതാ മറ്റൊരു ആപ്പ് ഇത് കളിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് മാത്രമല്ല, നാട്ടിനും കിട്ടും ഗുണം.
പോട്ട്ഹോള്‍ ഗോ എന്നാണ് ആപ്പിന്‍റെ പേര്. നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ നമ്മുക്ക് അറിയാം. എല്ലാ ദിവസവും റോഡിലെ കുഴികള്‍ കാരണം നിരവധി അപകടങ്ങളും മരണങ്ങളും നടക്കുന്നു. പോട്ട്ഹോള്‍ ഗോ എന്ന ആന്‍ഡ്രോയ്ഡ് ആപ്പ് ഉപയോഗിച്ച് നമ്മുടെ റോഡുകളില്‍ ഉള്ള അപകടകരമായ കുഴികള്‍ ഒക്കെ മാര്‍ക്ക് ചെയ്തിടാം. ചുമ്മാതങ്ങ് മാര്‍ക്ക് ചെയ്യുക അല്ല, പ്രതിഷേധാത്മകമായി കുഴിയില്‍ ഒരു വാഴ നടുകയാണ് ഈ ആപ്പിലൂടെ
ലാഭേച്ഛയൊന്നും ഇല്ലാതെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. റോഡില്‍ കുഴി കണ്ടാല്‍ ആപ്പ് ഓപ്പണ്‍ ചെയ്യുക, അപ്പോള്‍ നമ്മള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ കാണിക്കും, എന്നിട്ട് പച്ച ഐക്കണ്‍ ഞെക്കിയാല്‍ മതി, കുഴിയില്‍ വാഴ വന്നോളും.
വഴിയിലെ കുഴി മൂലം പണി കിട്ടിയ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഉണ്ടാക്കിയതാണ് പോട്ട്ഹോള്‍ ഗോ ആപ്പ്. ഇനി ഈ കുഴി രേഖപ്പെടുത്തിയ ഡാറ്റകള്‍ ആഴ്ചതോറും അതാത് സ്ഥലങ്ങളിലെ എം.എല്‍.എമാര്‍ക്ക് അയച്ചു കൊടുക്കും. ഇത് നാട്ടിലെ കുഴികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധികാരികള്‍ക്ക് സഹായകമാകും എന്ന് ആപ്പ് നിര്‍മ്മാതാക്കള്‍ പറയുന്നു.