ആറ് സെക്കന്‍റ് നിങ്ങളുടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഹാക്ക് ചെയ്യപ്പെടാം

By Web Desk  |  First Published Dec 7, 2016, 11:34 AM IST

ലണ്ടന്‍: നിങ്ങളുടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഹാക്ക് ചെയ്യാനും വിവരങ്ങള്‍ ചോര്‍ത്താനും വെറും ആറ് സെക്കന്റ് മാത്രമേ ഹാക്കേഴ്‌സിന് വേണ്ടി വരൂ ഏന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, കാലാവധി, സെക്യൂരിറ്റി കോഡ്, തുടങ്ങിയവ  വെറും ആറ് സെക്കന്റുകൊണ്ട് കണ്ടു പിടിക്കാന്‍ സാധിക്കുമെന്നാണ് ഓണ്‍ലൈന്‍ പണമിടപാടുകളിലെ തട്ടിപ്പിനെക്കുറിച്ച് പഠിക്കുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ന്യൂകാസില്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.

ഊഹത്തിന്‍റെ പിന്‍ബലത്തിലാണ് ഈ ഹാക്കിംഗ് നടക്കുന്നത്. ഗസ്സിംഗ് അറ്റാക്ക് എന്ന് പേരിട്ടിരിക്കുന്ന തട്ടിപ്പ് വളരെ ചെലവ് കുറഞ്ഞതും ലളിതവുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലാപ്പ് ടോപ്പും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിനെ കൂടുതല്‍ അപകടകരമാക്കുന്നത്. ഈ അടുത്ത് നടന്ന ടെസ്‌കോ സൈബര്‍ അറ്റാക്കിലും ഇതേ ഗസ്സിംഗ് രീതിയാണ് പ്രയോഗിച്ചിരിക്കുന്നത്.

Latest Videos

പ്രധാനമായും ഓണ്‍ലൈന്‍ പണമിടപാട് സംവിധാനത്തിലെ രണ്ട് വീഴ്ച്ചകളെയാണ് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് അലി പറയുന്നത്. വ്യത്യസ്ത വെബ്സൈറ്റുകളില്‍ പലതവണയായി കാര്‍ഡിലെ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ അത് കണ്ടെത്താനോ തടയാനോ കഴിയില്ല എന്നതാണ് ഇക്കൂട്ടര്‍ക്ക് സഹായകരമാകുന്ന ആദ്യ ദുര്‍ബ്ബലത. ഇതിലൂടെ കാര്‍ഡിലെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ഹാക്കേഴ്‌സ് തങ്ങളുടെ ധാരണ വെച്ച് കുറേ തവണ  ശ്രമങ്ങള്‍ നടത്തുന്നു. 10-20 തവണ വരെ ശ്രമം നടത്തും.

ഓണ്‍ലൈന്‍ പണമിടപാടിനായി ഓരോ വെബ്സൈറ്റും വ്യത്യസ്തമായ രീതിയിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നതാണ് ഇവരെ സഹായിക്കുന്ന രണ്ടാമത്തെ ഘടകം. ഇങ്ങനെ ഊഹിച്ച് കണ്ടെത്തിയ വിവരങ്ങളിലൂടെ കാര്‍ഡിലെ രഹസ്യവിവരങ്ങള്‍ മുഴുവന്‍ അതിവേഗം ഇവര്‍ ചോര്‍ത്തുന്നു.

ബാങ്കിന്റെ പേര്,ഏത് തരത്തിലുള്ള കാര്‍ഡ് തുടങ്ങിയ പൊതുവായ ഉത്തരം വരുന്ന ചോദ്യങ്ങളാണ് ഓണ്‍ലൈന്‍ പണമിടപാടിനെ ദുര്‍ബ്ബലപ്പെടുത്തുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബാക്കി വിവരങ്ങള്‍ കണ്ടെത്താന്‍ അനായാസം സാധിക്കും. എന്നാല്‍ വിസ കാര്‍ഡുകളില്‍ മാത്രമേ ഇത്തരത്തില്‍ ഹാക്കിംഗ് നടക്കുകയുള്ളൂ എന്നാണ് ന്യൂകാസില്‍ സര്‍വ്വകലാശാലയിലെ വിദഗ്ധ സംഘം പറയുന്നത്.

click me!