ഉപഭോക്താക്കള്‍ക്ക് സങ്കടകരമായ ജിയോയുടെ നീക്കം; ആശ്വാസമായിരുന്നു ആ രണ്ട് അണ്‍ലിമിറ്റഡ് 5ജി പ്ലാനുകള്‍

By Web Team  |  First Published Aug 6, 2024, 2:11 PM IST

ആവറേജ് റെവന്യൂ പെര്‍ യൂസര്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ജിയോയുടെ നീക്കമെന്ന് നിരീക്ഷണം


മുംബൈ: താരിഫ് നിരക്ക് വര്‍ധനയ്‌ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ നല്‍കിയ നിരാശയായിരുന്നു ഏറെ പ്രചാരത്തിലുള്ള 395 രൂപയുടെയും 1,559 രൂപയുടെയും പ്രീപെയ്‌ഡ് അണ്‍ലിമിറ്റഡ് 5ജി റീച്ചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ചത്. ജൂലൈ ആദ്യവാരമായിരുന്നു ഈ റീച്ചാര്‍ജ് പ്ലാനുകള്‍ അപ്രത്യക്ഷമായത്. ഉപഭോക്താക്കളില്‍ വലിയ ഞെട്ടല്‍ സമ്മാനിച്ച റിലയന്‍സ് ജിയോയുടെ നീക്കമായിരുന്നു ഇത്. 

താരിഫ് നിരക്കുകള്‍ കുത്തനെ കൂട്ടിയതിന് പിന്നാലെ ആവറേജ് റെവന്യൂ പെര്‍ യൂസര്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ജിയോ അണ്‍ലിമിറ്റഡ് 5ജി റീച്ചാര്‍ജ് പ്ലാനുകളില്‍ മാറ്റം വരുത്തിയത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പിന്‍വലിക്കപ്പെട്ട 395 രൂപയുടെ പാക്കേജിന് 84 ദിവസത്തെ കാലാവധിയാണുണ്ടായിരുന്നത്. അതേസമയം 1,559 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ വാഗ്‌ദാനം നല്‍കിയിരുന്നത് 336 ദിവസത്തെ ഉപയോഗവും. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയായിരുന്നു ഇരു പ്ലാനുകളുടെയും ആകര്‍ഷണം. ഏറെ ഡാറ്റ ആവശ്യമായവര്‍ക്ക് പ്രയോജനകരമായിരുന്നു ഇരു റീച്ചാര്‍ജ് ഓപ്ഷനുകളും. ഇരു പാക്കേജുകളും നഷ്‌ടമായതിന്‍റെ നിരാശ ഉപഭോക്താക്കള്‍ക്കുണ്ട്. 

Latest Videos

undefined

നേരത്തെ സ്വകാര്യ ടെലികോം കമ്പനികളില്‍ താരിഫ് നിരക്ക് വര്‍ധനയ്ക്ക് തുടക്കമിട്ടത് റിലയന്‍സ് ജിയോയായിരുന്നു. അടിസ്ഥാന റീച്ചാര്‍ജ് പ്ലാനില്‍ 22 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇതിനെ തുടര്‍ന്നുണ്ടായത്. 155 രൂപ മുമ്പുണ്ടായിരുന്ന പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാന്‍ ഇപ്പോള്‍ 189 രൂപ നല്‍കണം. 209 രൂപയുടെ പാക്കേജിന് 249 രൂപയും 239 രൂപയുടെ പാക്കേജിന് 299 രൂപയും 299 രൂപയുടെ പാക്കേജിന് 349 രൂപയുമായി ഉയര്‍ന്നിരുന്നു. ഒരു വര്‍ഷത്തേക്ക് (365 ദിവസം) ദിനംപ്രതി 2.5 ജിബി ഡാറ്റ നല്‍കുന്ന പാക്കേജില്‍ 600 രൂപയുടെ വര്‍ധനവുണ്ടായി. ഈ റീച്ചാര്‍ജിന് ഇപ്പോള്‍ 3,599 രൂപ നല്‍കണം.

ജിയോ നിരക്കുകള്‍ കൂട്ടിയതിന് പിന്നാലെ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. 2024 ജൂലൈ ആദ്യമാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്. അതേസമയം പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പഴയ നിരക്കുകളില്‍ തുടരുകയാണ്. 

Read more: സെര്‍ച്ച് എഞ്ചിന്‍ കുത്തക നിലനിര്‍ത്താന്‍ കോടികളൊഴുക്കി; ഗൂഗിളിനെതിരെ യുഎസ് കോടതി, വന്‍ പിഴയ്ക്ക് സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!