ഫ്രീ ഓഫറുകള്‍ക്ക് ശേഷം വരിക്കാരില്‍ ചോര്‍ച്ച വരാതിരിക്കാന്‍ പുതിയ ഓഫറുമായി ജിയോ രംഗത്ത്. 399 രൂപയ്ക്കോ അതിനു മുകളിലോ റീചാർജ് ചെയ്താൽ 2,599 രൂപ തിരിച്ചു നൽകുന്ന ക്യാഷ്ബാക്ക് ഓഫറാണ് ജിയോ അവതരിപ്പിക്കുന്നത്. നവംബർ 10 മുതൽ 25 വരെയുള്ള റീചാർജുകൾക്കാണ് ഓഫർ നൽകുന്നത്.
399 രൂപയ്ക്കോ അതിനു മുകളിലോ റീചാർജ് ചെയ്യുന്നവർക്ക് 400 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ–കൊമേഴ്സ് വെബ്സൈറ്റുകൾ വഴി ഷോപ്പിങ്ങും നടത്താം. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക.
ആമസോൺ, പേടിഎം, ഫോൺപെ, മൊബിക്വിക്ക്, ആക്സിസ് പേ, ഫ്രീ റീചാർജ് എന്നീ വെബ്സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങാനാകും. ക്യാഷ്ബാക്ക് തുക ഡിജിറ്റൽ വോലെറ്റിലാണ് വരുന്നത്. ജിയോ ക്യാഷ്ബാക്ക് വൗച്ചർ നവംബർ 15നാണ് വോലെറ്റിലെത്തുക.
നേരത്തെ ദീപാവലിക്ക് 100 ശതമാനം ക്യാഷ്ബാക്ക് ഓഫറും ജിയോ പ്രഖ്യാപിച്ചിരുന്നു. അന്ന് 399 രൂപയ്ക്ക് റീചാർജ് ചെയ്തവർക്ക് 400 രൂപ തിരിച്ചു നൽകി. എന്നാൽ ജിയോ ഉപഭോക്താക്കൾക്ക് ഇത്രയും കൂടുതൽ തുക ക്യാഷ്ബാക്ക് ലഭിക്കുന്നത് ഇത് ആദ്യമാണ്. അതേസമയം, 400 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് തുക അടുത്ത എട്ടു റീചാർജുകൾ 50 രൂപ വീതം ഉപയോഗിക്കാം.