700 രൂപ മൂല്യം വരുന്ന ആനുകൂല്യങ്ങളാണ് തെരഞ്ഞെടുത്ത മൂന്ന് റീച്ചാർജ് പ്ലാനുകള്‍ക്കൊപ്പം ലഭിക്കുക
മുംബൈ: ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളുമായി റിലയൻസ് ജിയോ. എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 700 രൂപ മൂല്യം വരുന്ന ആനുകൂല്യങ്ങളാണ് തെരഞ്ഞെടുത്ത മൂന്ന് റീച്ചാർജ് പ്ലാനുകള്‍ക്കൊപ്പം അധികമായി ലഭിക്കുക.
എട്ട് വർഷങ്ങള്‍ക്ക് മുൻപ് ഇന്ത്യൻ ടെലികോം രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടായിരുന്നു റിലയൻസ് ജിയോയുടെ തുടക്കം. ഇതിന്‍റെ വാർഷികത്തോടനുബന്ധിച്ച് ആകർഷകമായ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. സെപ്റ്റംബർ മാസം 10 വരെ നിശ്ചിത പ്ലാനുകൾ അനുസരിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 700 രൂപയുടെ അധിക ആനുകൂല്യങ്ങളാണ് ലഭിക്കുക. 899 രൂപയുടെയും 999 രൂപയുടേയും 3599 രൂപയുടേയും പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്കുള്ളതാണ് ഈ ഓഫർ.
ആനിവേഴ്‌സറി ഓഫർ അനുസരിച്ച് 899 രൂപയുടെ പ്ലാനിന് 90 ദിവസവും 999 രൂപയുടെ പ്ലാനിന് 98 ദിവസവുമാണ് വാലിഡിറ്റി. ദിവസേന 2 ജിബി ഡാറ്റയാണ് ഈ രണ്ട് പ്ലാനുകളിൽ ലഭിക്കുക. 3599 രൂപയുടെ പ്ലാനിന് 365 ദിവസം വാലിഡിറ്റി ലഭിക്കും. ഇതിൽ 2.5 ജിബി പ്രതിദിന ഡാറ്റ ലഭിക്കും. ഇതിന് പുറമെ ഈ റീച്ചാർജ് പ്ലാനുകളിലുള്ള മറ്റ് ആനുകൂല്യങ്ങള്‍ നോക്കാം.
10 ഒടിടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്ഷൻ, 175 രൂപ വിലയുള്ള 10 ജിബി ഡാറ്റ 28 ദിവസത്തേക്ക്, മൂന്ന് മാസത്തെ സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പ് , 2999 രൂപയുടെയോ അതിന് മുകളിലുള്ളതോ ആയ ഇടപാടുകൾ നടത്തുന്ന അജിയോ ഉപഭോക്താക്കൾക്കുള്ള 500 രൂപയുടെ ഡിസ്കൗണ്ട് വൗച്ചറുകള്‍ എന്നിവയാണ് മൂന്ന് റീച്ചാർജ് പ്ലാനുകള്‍ക്കൊപ്പവും അധിക ആനൂകൂല്യങ്ങളായി ജിയോ നല്‍കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം