കള്ളപ്പണം വെളുപ്പിക്കൽ തടയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടക്കമുള്ള നവീന സാങ്കേതികവിദ്യകള്‍ വിദഗ്ധമായി ഉപയോഗിക്കണം എന്ന് നിര്‍ദേശം
ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഉചിതമായ നടപടികള്‍ക്ക് റെഗുലേറ്റർമാർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML) എന്നിവ ഫലപ്രദമായി ഉപയോഗിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ (എഫ്‌എടിഎഫ്) പ്രൈവറ്റ് സെക്ടര്‍ കൊളാബറേറ്റീവ് ഫോറം 2025-നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. സാമ്പത്തിക ലോകത്തിലെ ഏറ്റവും പുതിയ പ്രവണതകളും സംഭവവികാസങ്ങളും മനസിലാക്കാൻ അദ്ദേഹം കേന്ദ്ര ബാങ്കുകളോട് ആവശ്യപ്പെട്ടു
കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരെ നടപടികള്‍ സ്വീകരിക്കുമ്പോള്‍ നിയമാനുസൃതമായ പ്രവർത്തനങ്ങളെയും നിക്ഷേപങ്ങളെയും സ്തംഭിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.
സംശയാസ്പദമായ ഇടപാടുകൾ മുൻകൂട്ടി കണ്ടെത്തി നടപടിയെടുക്കാൻ കഴിയുന്ന നിയമങ്ങളും ചട്ടക്കൂടുകളും കേന്ദ്ര ബാങ്കുകൾ വികസിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ ഉപഭോക്താക്കളുടെ അവകാശങ്ങളും സൗകര്യവും മനസിൽ സൂക്ഷിക്കണമെന്ന് മൽഹോത്ര പറഞ്ഞു. ലഭിക്കുന്ന ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എഐ ആയാലും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ആയാലും മെഷീൻ ലേണിംഗ് ആയാലും വരാനിരിക്കുന്ന സാമ്പത്തിക മേഖലയില്‍ സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് അദേഹം ഊന്നിപ്പറഞ്ഞത്.
Read more: ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന സ്‍പാം കോളുകൾ ഇനി വേണ്ട! കർശന നടപടികളുമായി ട്രായ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം