പുതുച്ചേരി: പോഷകാഹാരക്കുറവുമായി കുട്ടികള്‍ ജനിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുലപ്പാല്‍ ബാങ്കുമായി പുതുച്ചേരി. ജവര്‍ലാല്‍ നെഹ്രു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റുഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്മര്‍) ആണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മാസം തികയാതെ കുട്ടികള്‍ ജനിക്കുന്നത് ഏറിയതോടെയാണ് ഈ സംവിധാനം.
'അമുദം തായ്പാല്‍ മെയ്യാം' എന്നതിന്റെ ചുരുക്കെഴുത്താണ് എടിഎം എന്ന പേരില്‍ സ്വാംശീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഉദ്ഘാടനം നിര്‍വ്വഹിച്ച പദ്ധതിയില്‍ മുലപ്പാലുമായി ബന്ധപ്പെട്ട് അമ്മമാര്‍ക്ക് ഇവിടെ കൗണ്‍സിലിംഗും നല്‍കും. ജിപ്‌മെറില്‍ മാസംതോറും പിറക്കുന്ന 1500 ശിശുക്കളില്‍ 30 ശതമാനവും ഭാരക്കുറവോടെയും മാസം തികയാതെയുമാണ് പിറക്കുന്നത്. അതുകൊണ്ട് തന്നെ എന്‍ഐസിയുവുമായി ബന്ധപ്പെട്ട് ആവശ്യം ഏറെയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ആറു മാസത്തേക്കെങ്കിലും മുലപ്പാല്‍ ശക്തമായി നല്‍കണമെന്നിരിക്കെ മതിയായ രീതിയില്‍ മുലപ്പാല്‍ കിട്ടാത്ത സാഹചര്യമുണ്ടായാല്‍ അടുത്ത മാര്‍ഗ്ഗം പാസ്ചറൈസ് ചെയ്യപ്പെട്ട മുലപ്പാല്‍ നല്‍കണം എന്നതാണെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ഇത്തരം ബാങ്കുകള്‍ എല്ലാ എന്‍ഐസിയു സംവിധാനങ്ങളും പരിഗണിക്കുന്നുണ്ട് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.