പബ്ജി തിരിച്ചെത്തുന്നോ? ഇന്ത്യയില്‍ നിന്നും ജോലി ചെയ്യാന്‍ ആളെ തേടി പരസ്യം

By Web Team  |  First Published Oct 22, 2020, 6:28 PM IST

മുഴുവൻ സമയ അസോസിയേറ്റ് ലെവൽ ജോലിക്ക്  ഇന്ത്യയില്‍ നിന്നും വീട്ടിൽ  ഇരുന്ന് ജോലി ചെയ്യാനായി കോർപ്പറേറ്റ് ഡവലപ്മെന്‍റ് ഡിവിഷൻ മാനേജറെ വേണമെന്നതാണ്  പബ്ജി കോര്‍പ്പറേഷന്‍റെ  പരസ്യം. 


ദില്ലി: ചൈനീസ് ബന്ധത്തിന്‍‌റെ പേരില്‍ നിരോധിക്കപ്പെട്ട പബ്ജി ഗെയിമിന് ഇനി ഇന്ത്യയില്‍ ഒരു തിരിച്ചുവരവില്ലെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാലിതാ പബ്ജി വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പബ്ജി ആരാധകര്‍. തൊഴില്‍ അന്വേഷണ വെബ് പോര്‍ട്ടലായ ലിങ്ക്ഡ് ഇന്‍ എന്ന സൈറ്റില്‍‌ പ്രത്യക്ഷപ്പെട്ട പരസ്യമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് ആധാരം.

കോർപ്പറേറ്റ് ഡവലപ്മെന്‍റ് ഡിവിഷൻ മാനേജർ - ഇന്ത്യ തലക്കെട്ടിലാണ് പബ്ജി കോര്‍പ്പറേഷന്‍റെ പരസ്യം ലിങ്ക്ഡ് ഇന്നില്‍ പ്രത്യക്ഷപ്പെട്ടത്. മുഴുവൻ സമയ അസോസിയേറ്റ് ലെവൽ ജോലിക്ക്  ഇന്ത്യയില്‍ നിന്നും വീട്ടിൽ  ഇരുന്ന് ജോലി ചെയ്യാനായി കോർപ്പറേറ്റ് ഡവലപ്മെന്‍റ് ഡിവിഷൻ മാനേജറെ വേണമെന്നതാണ്  പബ്ജി കോര്‍പ്പറേഷന്‍റെ  പരസ്യം. എന്തായാലും പുതിയ പരസ്യം ഇന്ത്യയിലെ ഡവലപ്പര്‍മാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. 200ല്‍ അധികം അപേക്ഷകള്‍ നിലവില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.

Latest Videos

undefined

സെപ്റ്റംബര്‍ 2നാണ് പബ്ജി അടക്കം 118 ആപ്പുകള്‍ കേന്ദ്രം ഇന്ത്യയില്‍ നിരോധിച്ചത്. ഇന്ത്യയിൽ നിരോധനം വന്നതോടെ, ചൈനീസ് ടെക് ഭീമനായ ടെൻസെന‍്റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പബ്ജി അറിയിച്ചിരുന്നു. എന്നാൽ ഉടമസ്ഥാവകാശം മാറി എന്നു കരുതി നിരോധനം പിൻവലിക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 

ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകൾക്കെതിരെ ഇന്ത്യ ഉന്നയിച്ചത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലും ഗെയിം വീണ്ടും തിരിച്ചു വരുന്നത് യുവാക്കളെ വഴിതെറ്റിക്കും എന്ന വിലയിരുത്തലിലാണ് അധികൃതർ എന്നാണ് സൂചന.

പബ്ജി ഗെയിം ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങളും ആത്മഹത്യകളും മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുവാക്കളും കുട്ടികളുമായാണ് ഗെയിമിന്റെ ഉപഭോക്താക്കൾ. മണിക്കൂറുകളോളം കുട്ടികൾ ഗെയിമിന് മുന്നിൽ സമയം ചെലവഴിക്കുന്നതായി രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു.
 

click me!