ന്യൂയോര്‍ക്ക്: 20 കോടി അമേരിക്കന്‍ പൗരന്മാരുടെ വിവരം ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുള്ള വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ ആവശ്യങ്ങൾക്കായി റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി സമാഹരിച്ച വിവരങ്ങളാണിത്.
ഇവയില്‍ ഫോണ്‍ നമ്പറുകള്‍, സ്വകാര്യവിവരങ്ങള്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍ എന്നിവ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവ സൂക്ഷിക്കാൻ കരാറേൽപിച്ച ഡീപ് റൂട് അനലറ്റിക്സ് എന്ന കമ്പനിയുടെ പക്കൽനിന്നാണ് വിവരങ്ങള്‍ ചോർന്നതെന്നു ടെക്നോളജി ന്യൂസ് വെബ്സൈറ്റായ ഗിസ്മോഡോ റിപ്പോർട്ട് ചെയ്തു.
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയ പ്രതികരണം, മതനിലപാടുകൾ, രാഷ്ട്രീയ ചായ്‌വ്, വിവാദ വിഷയങ്ങളിലെ നിലപാടുകൾ തുടങ്ങിയവയെല്ലാം വിശദമായി വിശകലനം ചെയ്യുന്നതായിരുന്നു ശേഖരിച്ച വിവരങ്ങള്‍. കഴിഞ്ഞ ജനുവരിയില്‍ ട്രംപിന്‍റെ ആവശ്യപ്രകാരം ഈ ഡാറ്റബൈസ് അപ്ഡേറ്റ് ചെയ്തിരുന്നു.
എന്നാല്‍ ഇത് പുതിയ ചോര്‍ച്ചയല്ലെന്ന് റിപ്പോര്‍ട്ടുണ്ട്. കുറച്ചുകാലത്തേക്ക് ഇവ ഓൺലൈനിൽ ലഭിക്കുന്നുണ്ടെന്നാണ് ചില സൈറ്റുകള്‍ പറയുന്നത്. അതിനാല്‍ തന്നെ ജനുവരിയിലെ അപ്ഡേറ്റിംഗ് സമയത്താണ് ഇത് ചോര്‍ന്നിരിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്‍റെ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുന്നതായി ഡീപ് റൂട് അനലറ്റിക്സ് സ്ഥാപകൻ അലക്സ് ലുൻഡ്രി പറഞ്ഞു.
അതേസമയം, 20 കോടിയോളം പേരുടെ വ്യക്തിവിവരങ്ങൾ ചോർന്നതു യുഎസിൽ രാഷ്ട്രീയ വിവാദങ്ങള്‍ ഉടലെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വിവരങ്ങൾ വച്ചു വ്യക്തികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും വരെ സാധിക്കുമെന്നു വിലയിരുത്തപ്പെടുന്നു.