മുംബൈ: സ്നാപ്ചാറ്റിനെതിരായ ഓണ്‍ലൈൻ ആക്രമണത്തിൽ പണികിട്ടിയത് സ്നാപ്ഡീലിന്. ഇന്ത്യയെയും സ്പെയിനിനെയും പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ്ചാറ്റ് വ്യാപിപ്പിക്കില്ലെന്ന സിഇഒ ഇവാൻ സ്പീഗെലിന്റെ പ്രസ്താവനയെ തുടർന്ന് സ്നാപ്ചാറ്റിനെതിരേ ആരംഭിച്ച ഓണ്‍ലൈൻ ആക്രമണം പിന്നീട് വഴിതെറ്റി ഇന്ത്യൻ ഓണ്‍ലൈന്‍ കോമേഴ്സ് സൈറ്റായ സ്നാപ്ഡീലിലേക്കു തിരിയുകയായിരുന്നു.
സ്നാപ്ചാറ്റിനു പകരം പ്രതിഷേധക്കാർ സ്നാപ്ഡീലിന് ആപ്പിൾ-ഗൂഗിൾ പ്ലേസ്റ്റോറുകളിൽ മോശം റേറ്റിംഗ് നൽകി. കുറച്ചുസമയത്തിനുശേഷം ഇത് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തിയതോടെ പ്രതിഷേധക്കാർ ഭാഗികമായി പിൻവലിഞ്ഞു.
സ്നാപ്ചാറ്റ് സിഇഒ ഇവാൻ സ്പീഗെൽ 2015ൽ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇന്ത്യയെ വിലകുറച്ചു കാണിച്ച സ്പീഗലിന്റെ പരാമർശത്തിൽ പ്രതിഷേധമുയർന്നു. സ്നാപ്പ് ചാറ്റ് ആപ്ലിക്കേഷന്‍ ഏറ്റവും കുറഞ്ഞ റേറ്റിംഗ് നൽകാൻ ഓണ്‍ലൈൻ ആഹ്വാനമുണ്ടായി. #UninstallSnapchat എന്ന ഹാഷ്ടാഗോടെയായിരുന്നു ആഹ്വാനം.
ഈ ഹാഷ്ടാഗ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിംഗാണ്. പ്രതിഷേധം കനത്തതോടെ ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ പ്ലേസ്റ്റോറിലും സ്നാപ് ചാറ്റിന്റെ റേറ്റിംഗിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. സ്പീഗെലിന്റെ ഇന്ത്യാവിരുദ്ധ പരാമർശത്തെ സ്നാപ്ചാറ്റ് മാതൃസ്ഥാപനമായ snap.inc തള്ളിക്കളഞ്ഞിരുന്നു.