ദില്ലി: സെപ്റ്റംബർ 20 മുതൽ 23 വരെ പേടിഎം മാൾ മേരാ ക്യാഷ്ബാക്ക് സെയില്‍ നടത്തുന്നു. രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ടും ആമസോണും വൻ വില്‍പനയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് പേടിഎമ്മും ക്യാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചത്. പേടിഎം വഴി സാധനങ്ങൾ വാങ്ങുന്നവർക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫർ നല്‍കുമെന്നാണ് പേടിഎം വാഗ്ദാനം.
നാലു ദിവസത്തെ സെയിലിൽ പങ്കെടുക്കുന്നവർക്ക് പേടിഎം ഗോൾഡ് സമ്മാനമായി കിട്ടാനും സാധ്യതയുണ്ട്. 501 കോടി രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് പേടിഎം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സ്മാർട്ട്ഫോൺ വാങ്ങുന്ന 25 ഭാഗ്യശാലികൾക്കാണ് 100 ശതമാനം ക്യാഷ്ബാക്ക് നൽകുന്നത്. ദിവസവും 200 ഉപഭോക്താക്കൾക്ക് പേടിഎം ഗോള്‍ഡ് സമ്മാനമായി ലഭിക്കും.
ആപ്പിൾ, സാംസങ്, മോട്ടറോള, വിവോ, ഒപ്പൊ തുടങ്ങിയ സ്മാർട്ട് ഫോൺ ബ്രാൻഡുകളെല്ലാം പേടിഎം മാൾ സെയിലിൽ പങ്കെടുക്കുന്നുണ്ട്. ഐഫോൺ വാങ്ങുന്നവർക്ക് 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുണ്ട്. സ്മാർട്ട്ഫോണുകളിൽ 20 ശതമാനം ക്യാഷ്ബാക്ക് നൽകും.
വാഷിങ് മെഷീൻ, അടുക്കള ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ എന്നിവയിൽ 15% മുതൽ 50% വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. എൽഇഡി ടെലിവിഷൻ വാങ്ങുന്നവർക്ക് 60% വരെ ലാഭിക്കാൻ കഴിയും. ലാപ്ടോപ്പുകളിൽ 15% ക്യാഷ്ബാക്ക് ലഭിക്കും.