ഇന്ത്യയിലെ കമ്പ്യൂട്ടറുകളില്‍ മാൽവെയര്‍ ആക്രമണം അഴിച്ചുവിടാന്‍ പാകിസ്ഥാന്‍ ഹാക്കിംഗ് സംഘത്തിന്‍റെ ശ്രമമെന്ന് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്
ദില്ലി: ഇന്ത്യന്‍ കമ്പ്യൂട്ടറുകളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ മാൽവെയര്‍ ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയെന്ന് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയിന്‍റിന്‍റെ മുന്നറിയിപ്പ്. ട്രാന്‍സ്‌പരന്‍റ് ട്രൈബ് അഥവാ എപിടി36 എന്ന് പേരുള്ള പാകിസ്ഥാനി ഹാക്കര്‍ ഗ്രൂപ്പിനെ കുറിച്ചാണ് മുന്നറിയിപ്പ് എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
'ElizaRAT' എന്ന ഏറ്റവും നവീനമായ മാൽവെയര്‍ (മലിഷ്യസ് സോഫ്റ്റ്‌വെയർ) ഉപയോഗിച്ച് ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ പാകിസ്ഥാന്‍ ഹാക്കിംഗ് സംഘമായ എപിടി36 ലക്ഷ്യമിടാന്‍ സാധ്യതയുണ്ട് എന്നാണ് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയിന്‍റിന്‍റെ മുന്നറിയിപ്പ്. കമ്പ്യൂട്ടറുകളില്‍ നിന്ന് രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് ഈ മാൽവെയറിന്‍റെ രീതി. 2023 സെപ്റ്റംബറില്‍ ആദ്യമായി ശ്രദ്ധിച്ച ഈ മാൽവെയറിനെ അന്നുമുതല്‍ ചെക്ക് പോയിന്‍റ് പിന്തുടരുകയാണ്.
undefined
മറ്റൊരാളുടെ അറിവില്ലാതെ അയാളുടെ കമ്പ്യൂട്ടറിന്‍റെ നിയന്ത്രണം കൈക്കലാക്കാന്‍ ഹാക്കര്‍മാരെ സഹായിക്കുന്ന മാൽവെയറാണ് ElizaRAT. ഇന്ത്യയിലുള്ള കമ്പ്യൂട്ടറുകളെ പ്രത്യേകമായി ലക്ഷ്യമിട്ടാണ് ഇത് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ആവുന്ന തരത്തിലുള്ള ഫിഷിംഗ് അറ്റാക്ക് വഴിയാണ് ElizaRAT പ്രചരിക്കുന്നത്. ഗൂഗിള്‍ ഡ്രൈവ് പോലുള്ള പ്രമുഖ ക്ലൗഡ് പ്ലാറ്റ്‌ഫോമുകളില്‍ സൂക്ഷിക്കാനാകുമെന്നത് ഈ ഫയലുകളുടെ വിശ്വാസ്യത കൂട്ടുന്നതാണ് മറഞ്ഞിരിക്കുന്ന അപകടം. ലിങ്ക് വഴിയെത്തുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക വഴി കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ പിന്നീട് കമ്പ്യൂട്ടറിലെ രഹസ്യ ഫയലുകളിലേക്കെല്ലാം ഹാക്കര്‍മാര്‍ നുഴഞ്ഞുകയറും.
കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ കൈക്കലാക്കുന്നതിന് പുറമെ, ആ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ എന്തൊക്കെ ചെയ്യുന്നു എന്നതടക്കമുള്ള ഡാറ്റയും ഹാക്കര്‍മാരുടെ കൈകളിലെത്തും. പല അപ്ഡേറ്റുകള്‍ക്ക് വിധേയമായതോടെ കൂടുതല്‍ ആധുനികവും സൈബര്‍ വിദഗ്ധര്‍ക്ക് പോലും പിടികൊടുക്കാത്തതുമായ മാല്‍വേറായി ElizaRAT മാറിക്കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്.
Read more: ബീച്ചുകളിലെ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്താനും സാറ്റ്‌ലൈറ്റ് സാങ്കേതികവിദ്യ; പരീക്ഷണം വിജയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം