പിടിച്ച പുലിവാലാകുമോ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്? ആശങ്കയറിയിച്ച് എഐ കമ്പനികളിലെ ജീവനക്കാര്‍ തന്നെ രംഗത്ത്

By Web Team  |  First Published Jun 7, 2024, 9:13 AM IST

തുറന്ന കത്തിലൂടെയാണ് ഇവർ വളർന്നുവരുന്ന എഐ സാങ്കേതിക വിദ്യ ഉയർത്തുന്ന ഭീഷണികളിൽ ആശങ്ക ഉയർത്തിയത്. 
 


ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കാര്യത്തിൽ ആശങ്കയറിയിച്ച് എഐ വിദഗ്ധര്‍ രംഗത്ത്. എഐ കമ്പനികളായ ഓപ്പണ്‍ എഐ, ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് എന്നിവയിലെ നിലവിലെയും പഴയതുമായ ജീവനക്കാരാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെതിരെ ലോകത്തിന് മുന്നില്‍ മുന്നറിയിപ്പും ആശങ്കയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഓപ്പൺ എഐയിലെയും ഗൂഗിള്‍ ഡീപ്‌മൈന്‍ഡിലെയും വിദഗ്ധര്‍ എഐക്കെതിരെ മുന്നറിയിപ്പുമായി തുറന്ന കത്ത് പുറത്തിറക്കിയിരിക്കുകയാണ്. നിലവിൽ അവിടെ പ്രവർത്തിക്കുന്നവരും മുൻപ് പ്രവർത്തിച്ചിരുന്നതുമായ 11 എഐ വിദ​ഗ്ധരാണ് പുത്തന്‍ സാങ്കേതികവിദ്യ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ആശങ്കയറിയിച്ചിരിക്കുന്നത്. എഐ കമ്പനികളുടെ സാമ്പത്തിക മോഹങ്ങൾ ടെക്‌നോളജിക്ക് മേലുള്ള ഫലപ്രദമായ മേൽനോട്ടത്തിന് തടസമാകുമെന്ന് 11 പേരടങ്ങുന്ന എഐ വിദഗ്ദർ തുറന്ന കത്തിൽ ചൂണ്ടിക്കാണിക്കുന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. കോർപ്പറേറ്റ് തലത്തിലുള്ള നിയന്ത്രണം ഇക്കാര്യത്തിൽ മതിയാകില്ലെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടി. 

Latest Videos

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകള്‍ പ്രചരിപ്പിക്കാനായി ചിത്രങ്ങൾ മൈക്രോസോഫ്റ്റിന്‍റെയും ഓപ്പൺ എഐയുടെയും ഇമേജ് ജനറേറ്റർ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് നിർമ്മിക്കാം എന്നത് വലിയ അപകടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിവേഗം എഴുതാനും വീഡിയോകളും ഓഡിയോകളും നിര്‍മിക്കാനും എഐ ഉപയോഗിച്ച് കഴിയും എന്നതും ആശങ്കയാണ്. എഐ കമ്പനികൾ അവരുടെ മേന്‍മകളെയും പരിമിതികളെയും കുറിച്ച് വിവരങ്ങള്‍ സർക്കാരുമായി പങ്കുവെക്കണമെന്ന് നിർബന്ധമില്ലെന്നും അവർ സ്വമേധയാ ആ വിവരങ്ങൾ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ലെന്നും വിദഗ്ധരുടെ കത്തിൽ പറയുന്നു.  

അതേസമയം ആര്‍ട്ടിഫ്യല്‍ ഇന്‍റലിജന്‍സ് മനുഷ്യന്‍റെ ജോലികള്‍ ഇല്ലാതാക്കുമോ എന്ന ആശങ്കയും ലോകത്തുണ്ട്. തൊഴിൽ 'ഓപ്ഷണൽ' ആകുന്ന ഒരു ഭാവിയാണ് വരാനിരിക്കുന്നതെന്നും, എഐ റോബോട്ടുകൾ ഭൂരിഭാഗം ജോലികളും നിറവേറ്റുമെന്നും ടെസ്‌ല സിഇഒയും സാമൂഹ്യമാധ്യമ ഭീമനായ എക്‌സിന്‍റെ ഉടമയുമായ ഇലോൺ മസ്‌ക് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ചാറ്റ്ജിടിപിയുടെ അഭൂതപൂർവമായ വിജയവും ഗൂഗിളിന്റെ പുതിയ ചാറ്റ്ബോട്ട് ജെമിനി അടുത്തിടെ വന്നതും തൊഴില്‍ നഷ്ടപ്പെടും എന്ന ആശങ്ക ആളുകളിലുണ്ടാക്കിയിട്ടുണ്ട്. 

Read more: ഞെട്ടിക്കുന്ന പ്രവചനവുമായി ഇലോൺ മസ്‌ക്; വരും നാളുകളിൽ എഐ 'തകർക്കും'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!