നിങ്ങളുടെ ഓണച്ചിത്രങ്ങൾ ലോകം കാണും; ഫോട്ടോകള്‍ വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യാം, വിക്കി ലവ്സിന് തുടക്കമായി

By Web TeamFirst Published Sep 7, 2024, 12:19 PM IST
Highlights

വിക്കി ലവ്സ് ഓണം പരിപാടിയിലേക്ക് ഫോട്ടോകൾ എങ്ങനെ അപ്‌ലോഡ് ചെയ്യാമെന്ന് നോക്കാം
 

തിരുവനന്തപുരം: ഓണം വ്യത്യസ്തമായി ആഘോഷമാക്കാന്‍ വിക്കിപീഡിയ കൂട്ടായ്മ ഒരുങ്ങുന്നു. ഓണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങള്‍ വിക്കിപീഡിയയുടെ ഭാഗമായ വിക്കിമീഡിയ കോമണ്‍സിലേക്ക് നിങ്ങള്‍ക്കുതന്നെ അപ്‍ലോഡ് ചെയ്യാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്. ഓണവുമായി ബന്ധപ്പെട്ട വിക്കിപീഡിയ ലേഖനങ്ങളിലേക്ക് വിവരങ്ങൾ ചേർത്ത് മെച്ചപ്പെടുത്താനുള്ള പരിപാടിയും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു. ഈ ഓണക്കാലത്തോ കഴിഞ്ഞ വർഷങ്ങളിലോ എടുത്ത ചിത്രങ്ങൾ വിക്കിയിൽ ഈ രീതിയില്‍ ലോകമെമ്പാടുമുള്ളവര്‍ കാണുന്ന തരത്തില്‍ ചേർക്കാവുന്നതാണ്.

ഓണത്തിന് ഇതാ സുവർണാവസരം

Latest Videos

ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കുകയും മറ്റുള്ളവരെ ചിത്രങ്ങൾ ചേർക്കാൻ ക്ഷണിക്കുകയും ആണ് ഈ പ്രചാരണത്തിന്‍റെ ലക്ഷ്യം.

'വിക്കി ഓണത്തെ സ്നേഹിക്കുന്നു' (Wiki Loves Onam) എന്ന പേരിലാണ് ഈ പരിപാടി നടക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, ശബ്ദരേഖകള്‍, ചലച്ചിത്രങ്ങള്‍, ചിത്രീകരണങ്ങള്‍, മറ്റു രേഖകള്‍ തുടങ്ങിയവയെല്ലാം സ്വതന്ത്രലൈസന്‍സോടെ സമൂഹത്തിനായി സംഭാവന ചെയ്യുകയാണ് ഈ പരിപാടിയുടെ ഉദ്ദേശം. ഓണവുമായി ബന്ധപ്പെട്ട വൈജ്ഞാനിക സ്വഭാവമുള്ളതും സ്വയം എടുത്തതുമായ ചിത്രങ്ങള്‍ 2024 സെപ്റ്റംബർ 1 മുതല്‍ സെപ്റ്റംബർ 30 വരെയുള്ള തീയതികളില്‍ വിക്കിമീഡിയ കോമണ്‍സിൽ ആര്‍ക്കും അപ്‌ലോഡ് ചെയ്യാം. ഈ ചിത്രങ്ങൾ മലയാളം വിക്കിപീഡിയയിലും ഇംഗ്ലീഷ് വിക്കിപീഡിയയിലും മറ്റ് മൂന്നൂറിൽപ്പരം ഭാഷയിലുള്ള വിക്കിപീഡിയകളിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ് എന്നതാണ് ഏറ്റവും വലിയ ആകർഷണം. കൂടാതെ, ചിത്രങ്ങൾ എടുത്തയാളിന് കടപ്പാട് നൽകി മറ്റ് വെബ് പേജുകളിലും ഈ ചിത്രങ്ങൾ ഉപയോഗിക്കാം.

വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ വിവരങ്ങളെ ക്രോഡീകരിക്കുന്ന വിക്കിഡാറ്റയിലും സ്വതന്ത്ര പുസ്തകശേഖരമായ വിക്കിപാഠശാലയിലും കൂടാതെ മറ്റ് വിക്കിമീഡിയ പദ്ധതികളിലും ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിവരങ്ങൾ തുടങ്ങിയവ ചേർത്ത് ഓണത്തിന്‍റെ സാരാംശം പകർത്താനും സംരക്ഷിക്കുവാനും ഭാവി തലമുറകൾക്ക് കൈമാറാനും സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ബൃഹത്തായ പ്രയോജനം.

എന്തൊക്കെ ചിത്രങ്ങള്‍?

അത്തച്ചമയം, പുലികളി, വള്ളംകളി, ഓണപ്പൊട്ടന്‍, തൃക്കാക്കരയപ്പന്‍, ഓണസദ്യ, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഓണക്കോടി, ഓണപ്പൂക്കള്‍, വടംവലി, ഓണപ്പൂക്കളമൊരുക്കാന്‍ ഉപയോഗിക്കുന്ന പൂക്കള്‍, കേരളത്തിൽ ലഭിക്കുന്ന സപുഷ്പി സസ്യങ്ങള്‍, ഓണപ്പാട്ടുകളുടെ ശബ്ദരേഖ, ഓണവുമായി സാമ്യമുള്ള മറ്റ് ആഘോഷങ്ങള്‍, പൂക്കളം തുടങ്ങി ഓണമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും മറ്റു രേഖകളും ഇപ്രകാരം അപ്‍ലോഡ് ചെയ്യാവുന്നതാണ്. പരിപാടിയുടെ ഭാഗമായി സംശയങ്ങള്‍ തീര്‍ക്കാന്‍ https://w.wiki/B34P എന്ന പേജും ഒരുക്കിയിട്ടുണ്ട്.

വിക്കിമീഡിയ ഫൗണ്ടേഷന്‍റെയും, കേരളത്തിൽ പ്രവർത്തിക്കുന്ന വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പിന്റെയും, സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷന്റെയും പിന്തുണയോടെ ബഹുജനപങ്കാളിത്തത്തോടെയാണ് ഈ വർഷം പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 1-ാം തീയതി മുതൽ 30-ാം തിയതി വരെയാണ് പരിപാടി നടക്കുക. 

എങ്ങനെ അപ്‍ലോഡ് ചെയ്യണം എന്നറിയാന്‍ വീഡിയോ കാണുക

Read more: ഇനി ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്ക് പുത്തൻ രീതിയിൽ കമന്റ് ചെയ്യാം, പക്ഷേ ശ്രദ്ധിക്കണം അംബാനേ... നാട്ടുകാരിളകും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!