വാനാക്രി സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയ

By Web Desk  |  First Published Oct 15, 2017, 7:11 AM IST

വാഷിങ്ടൻ:  വാനാക്രി സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയയാണെന്ന് വെളിപ്പെടുത്തല്‍. യുഎസ് ടെക്നോളജി ഭീമന്മാരായ മൈക്രോസോഫ്റ്റ് ആണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ലോകത്താകമാനം ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെയാണ് വാനാക്രി ആക്രമിച്ചത്. ഇക്കഴിഞ്ഞ മെയിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയയാണെന്ന് നേരത്തെ സൂചനകള്‍ ഉണ്ടാക്കിയുന്നു. ഇതാണ് ഇപ്പോള്‍ മൈക്രോസോഫ്റ്റ് തലവന്‍ ബ്രാഡ് സ്മിത്തും സ്ഥിരീകരിച്ചത്.

കാലാവധി കഴിഞ്ഞ വിൻഡോസ് ഓപറേറ്റിങ് സിസ്റ്റം(ഒഎസ്) ഉപയോഗിച്ച കംപ്യൂട്ടറുകളെയാണ് വാനാക്രി പ്രധാനമായും ലക്ഷ്യം വച്ചത്. ഒഎസ് കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ അപ്ഡേഷൻ നിർബന്ധമായും നടത്തണമെന്ന് മുന്നറിയിപ്പു നടത്തിയിട്ടും ചെയ്യാതിരുന്നവർ സൈബർ ആക്രമണത്തിനിരയായാൽ ഉത്തരവാദിത്തം മൈക്രോസോഫ്റ്റിന് ഏറ്റെടുക്കാനാകില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

Latest Videos

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയിൽ നിന്ന് വിവിധ സൈബർ ടൂളുകൾ ഹാക്ക് ചെയ്തെടുത്തത് ഉത്തരകൊറിയയിലെ സൈബർ വിദഗ്ധരാണ്. അവ ഉപയോഗിച്ചാണ് വാനാക്രിക്ക് രൂപം നൽകിയതെന്ന് തനിക്കുറപ്പാണെന്നും സ്മിത്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ആറുമാസക്കാലത്തിനിടെ പുത്തൻ രീതികളിലുള്ള ഗുരുതര ആക്രമണങ്ങളാണ് ലോകത്തിനു നേരെ നടക്കുന്നത്. ഈ സാഹചര്യത്തിൽ ലോക രാജ്യങ്ങൾ കൂടിച്ചേർന്ന് പുതിയ ഡിജിറ്റൽ നയത്തിനു രൂപം നൽകണം. സാധാരണക്കാര്‍ക്കു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി കണക്കാക്കണമെന്നും സ്മിത്ത് പറഞ്ഞു.

2014ൽ സോണി പിക്ചേഴ്സിന്റെ സൈറ്റുകളിൽ കടന്നുകയറി പുറത്തിറങ്ങാനുള്ള സിനിമകളടക്കം ചോർത്തിയതും ഇതേ സംഘമാണെന്നാണു കരുതുന്നത്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പരിഹസിക്കുന്ന ‘ഇന്റർവ്യൂ’ എന്ന സിനിമ സോണി റിലീസ് ചെയ്യുന്നതിനു തൊട്ടുമുൻപായിരുന്നു അവരുടെ സൈറ്റുകളിൽ ആക്രമണം.  

ദക്ഷിണകൊറിയൻ സൂപ്പർ മാർക്കറ്റുകളുടെ സൈബർ ശൃംഖലയിലും മുൻപു ലസാറസ് സംഘം കടന്നു കയറിയിരുന്നു. കംപ്യൂട്ടറുകളിൽ കടന്നുകയറി ഫയലുകൾ ലോക്ക് ചെയ്യുകയും തുറക്കാൻ ബിറ്റ്കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു വാനാക്രി.

click me!