കഴിഞ്ഞ ഏതാനും ആഴ്ചകളിലായി മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാണ് കമ്പനി പ്രവർത്തിച്ചിരുന്നതെന്ന് ഇവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചെന്നൈ: ജീവനക്കാരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട്ടിലെ നോക്കിയ പ്ലാന്റ് പൂട്ടി. ചൊവ്വാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്ടിലെ ശ്രീപെരുംപൂത്തൂരിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ എത്ര പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത് എന്ന കാര്യം കമ്പനി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ഏകദേശം 42 പേരാണ് കൊവിഡ് ബാധിതരായത് എന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. സാമൂഹിക അകലം പാലിക്കൽ പോലെയുള്ള നിയന്ത്രണങ്ങൾ പ്ലാന്റിൽ ഇതിനകം നടപ്പിലാക്കിയിരുന്നു എന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാണ് കമ്പനി പ്രവർത്തിച്ചിരുന്നതെന്ന് ഇവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പരിമിതമായ ജീവനക്കാരെ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് പ്ലാന്റ് പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഓപ്പോ കഴിഞ്ഞ ദിവസം ദില്ലിയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഒൻപത് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടിയ നിലയിലായിരുന്നു. 145380 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 4167 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.