ദുബായ്: വാട്സ് ആപ്പ് വീഡിയോ, ഓഡിയോ കോളുകൾക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതായ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. വ്യാഴാഴ്ച രാവിലെ മുതൽ യുഎഇ ഉപയോക്താക്കൾക്ക് വാട്സ് ആപ്പ് വീഡിയോ, ഓഡിയോ കോൾ സൗകര്യം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് പെരുന്നാൾ സമ്മാനമെന്ന നിലയ്ക്ക് വിലക്ക് നീക്കിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
യുഎഇയിൽ വാട്ട്സ്ആപ്പ് കോളുകൾ നിയമവിധേയമാക്കിയിട്ടില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി(ടിആർഎ) വ്യക്തമാക്കി. ഇന്റർനെറ്റ് വോയ്സ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട നിയമത്തിൽ യാതൊരുമാറ്റവും വന്നിട്ടില്ലെന്നും വിലക്ക് നീങ്ങിയത് സാങ്കേതിക തകരാറാകാനാണ് സാധ്യതയെന്നും ടിആർഎ അറിയിച്ചു.
ആൻഡ്രോയിഡ്, വിൻഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും വാട്സ് ആപ്പ് കോളിംഗ് കഴിഞ്ഞ ദിവസം മുതൽ ലഭിക്കുന്നുണ്ട്. പലർക്കും വ്യക്തത കുറവോടെ ഇപ്പോഴും വാട്ട്സ്ആപ്പിലൂടെ മറ്റുള്ളവരുമായി സംസാരിക്കാനും കഴിയുന്നുണ്ട്. വാട്സ് ആപ്പ് വീഡിയോ, വോയ്സ് കോളുകൾക്ക് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ മുൻപ് നിരോധനമുണ്ടായിരുന്നു.