വൈഫൈയേക്കാള്‍ നൂറിരട്ടി വേഗതയുമായി ലൈഫൈ എത്തുന്നു

By Web Desk  |  First Published Mar 24, 2017, 9:04 AM IST

ആംസ്റ്റര്‍ഡാം: നിലവിലുള്ള ഏറ്റവും വേഗതയുള്ള വൈഫൈയേക്കാള്‍ നൂറിരട്ടി വേഗതയുമായി ലൈഫൈ എത്തുന്നു. പ്രകാശം അടിസ്ഥാനമാക്കിയുള്ള വൈഫൈയാണ് ഇത്. കഴിഞ്ഞ ആഴ്ച്ച സര്‍വകലാശാല പുറത്തുവിട്ട ഗവേഷണഫലത്തില്‍ ലൈഫൈയ്ക്ക് 42.8 ജിബിപിഎസ് ഡൗണ്‍ലോഡ് വേഗത വരെ കൈവരിക്കാനായിട്ടുണ്ട്. ഇന്‍ഫ്രാറെഡ് ലൈറ്റിന്റെ സ്രോതസില്‍ നിന്നും 2.5 മീറ്റര്‍ (8.2 അടി) അകലത്തിനുള്ളിലാണ് ഈ വേഗത ലഭിച്ചത്. 

നെതര്‍ലന്‍ഡിലെ വൈഫൈ കണക്ഷനുകളുടെ ശരാശരി വേഗത 17.6 എംബിപിഎസാണ്. ഇതിന്റെ 2000 ഇരട്ടിയാണ് ലൈഫൈയുടെ വേഗത. നെതര്‍ലന്‍ഡിലെ ഏറ്റവും വേഗതയുള്ള വൈഫൈ കണക്ഷന് 300 എംബിപിഎസാണ് വേഗത. ഇതു പോലും ലൈഫൈയേക്കാള്‍ 100 മടങ്ങ് കുറവാണ്. 
എല്‍ഇഡി ബള്‍ബുകളാണ് ആദ്യഘട്ടത്തില്‍ ലൈഫൈയില്‍ ഉപയോഗിച്ചിരുന്നത്. ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ലൈഫൈ വഴി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചാല്‍ വേഗത കുറയുന്നത് പ്രതിബന്ധമായി. ഇതിനെ മറികടക്കാന്‍ ഇന്‍ഫ്രാറെഡ് വെളിച്ചത്തിനാകുമെന്ന് പരീക്ഷിച്ചറിഞ്ഞത് നെതര്‍ലന്‍ഡിലെ ഐന്തോവന്‍ സാങ്കേതിക സര്‍വകലാശാലയിലെ പിഎച്ച്ഡി ഗവേഷകനാണ്. 

Latest Videos

മേല്‍ക്കൂരയില്‍ ഉറപ്പിച്ചിരിക്കുന്ന ലൈറ്റ് ആന്റിനയാണ് ലൈഫൈയുടെ പ്രധാനഭാഗം. ഈ ആന്റിന വഴിയാണ് ഇന്‍ഫ്രാറെഡ് വെളിച്ചം പുറത്തെത്തുന്നത്. ഇന്റര്‍നെറ്റിനായി ബന്ധിപ്പിക്കുന്ന ഓരോ ഉപകരണവും ഇന്‍ഫ്രാറെഡ് വെളിച്ചവും തമ്മില്‍ തരംഗദൈര്‍ഘ്യത്തില്‍ വ്യത്യാസം കാണും.

 ഒരേ തരംഗദൈര്‍ഘ്യം ആകാത്തിടത്തോളം കണക്ഷന്‍റെ വേഗത കുറയുകയുമില്ല. നിലവില്‍ ഈ സാങ്കേതികവിദ്യ ഉടന്‍ തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാനാകില്ല. വര്‍ഷങ്ങളുടെ ഗവേഷണത്തിനൊടുവിലേ ഇത് വിജയകരമായി അവതരിപ്പിക്കാനാകൂ എന്നാണ് ഗവേഷക സംഘത്തലവന്‍ ടോണ്‍ കൂനന്‍ അറിയിച്ചത്.

click me!