അക്കൗണ്ട് ഉടമയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പാർഷ്യൽ ഡെലിഗേഷനിലൂടെ സെക്കൻഡറി ഉടമയ്ക്ക് ഓരോ ഇടപാടുകളും നടത്താനാകൂ
മുംബൈ: ഈ വർഷത്തോടെ യുപിഐ സർക്കിൾ, യുപിഐ വൗച്ചർ, ക്ലിക്ക് പേ ക്യൂആർ പോലെയുള്ള ഫീച്ചറുകൾ ഗൂഗിൾ പേയിലെത്തും. അടുത്തിടെ ഇന്ത്യയിൽ നടന്ന ഗ്ലോബൽ ഫിൻടെക്ക് ഫെസ്റ്റിലാണ് ഗൂഗിൾ പേ പുതിയ ഫീച്ചറുകൾ ആദ്യമായി അവതരിപ്പിച്ചത്.
നിങ്ങളുടെ യുപിഐ അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ (സെക്കണ്ടറി യൂസർ) അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സർക്കിൾ. ഒരു സ്ട്രീമിങ് ആപ്പ് സബ്സ്‌ക്രൈബ് ചെയ്ത് അതിൽ മൾട്ടിപ്പിൾ യൂസറെ അനുവദിക്കുന്നത് പോലൊരു സംവിധാനമാണ്. എന്നാൽ പണകൈമാറ്റത്തിന്‍റെ സമ്പൂർണ നിയന്ത്രണം അക്കൗണ്ട് ഉടമയ്ക്ക് തന്നെയാകും. നിശ്ചിത തുകകൾ മാത്രമേ ഒരു മാസം ഇടപാട് നടത്താനാകൂ. ഒറ്റ തവണ ഇടപാട് നടത്താനാവുന്ന തുകയ്ക്കും നിയന്ത്രണമുണ്ടെന്നാണ് റിപ്പോർട്ട്. പണം നഷ്ടമാകുമെന്ന പേടി വേണ്ടെന്നതാണ് മെച്ചം. പാർഷ്യൽ ഡെലിഗേഷൻ, ഫുൾ ഡെലിഗേഷൻ എന്നിങ്ങനെ രണ്ടു രീതിയിലാണ് സെക്കണ്ടറി യൂസറെ ചുമതലപ്പെടുത്തുന്നത്. പരമാവധി വിശ്വസ്തരായ അഞ്ച് പേരെ അക്കൗണ്ട് ഉടമയ്ക്ക് സെക്കണ്ടറി യൂസറാക്കി മാറ്റാനാവും.
അക്കൗണ്ട് ഉടമയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പാർഷ്യൽ ഡെലിഗേഷനിലൂടെ സെക്കൻഡറി ഉടമയ്ക്ക് ഓരോ ഇടപാടുകളും നടത്താനാകൂ. ഇതിൽ ഓരോ തവണ നടത്തുന്ന ഇടപാടുകളും ഉടമയുടെ സമ്പൂർണ മേൽനോട്ടത്തിലായിരിക്കും. ഫുൾ ഡെലിഗേഷനിൽ ഒരു മാസം ഉപയോഗിക്കാവുന്ന പരമാവധി തുക അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം.
ഇങ്ങനെ 15000 രൂപ വരെ അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ആ തുകയ്ക്ക് മുകളിൽ പണമെടുക്കാൻ സെക്കൻഡറി യൂസറിന് സാധിക്കില്ല. ഇങ്ങനെ നിശ്ചയിക്കുന്ന തുകയിൽ നിന്ന് ഇടപാട് നടത്തുമ്പോൾ ഓരോ തവണയും അക്കൗണ്ട് ഉടമയുടെ അനുമതി തേടേണ്ടതില്ല. ഒരുതവണ പരമാവധി 5000 രൂപ വരെ മാത്രമേ സെക്കണ്ടറി യൂസറിന് ഇടപാട് നടത്താനാവൂ.
Read more: ആൻഡ്രോയ്‌ഡിലെ ജിമെയിലിൽ ഇനി ജെമിനി ടച്ചും; വന്നിരിക്കുന്നത് എന്തെല്ലാം മാറ്റങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം