സൈബര്‍ ഗുണ്ടായിസത്തിന് കടിഞ്ഞാണിടാന്‍ പ്രത്യേക സെല്‍

 |  First Published Jul 31, 2018, 9:47 AM IST

സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി ടോമിന്‍ തച്ചങ്കേരിയാണ് ഈ സെല്ലിന്‍റെ ചുമതല. പോലീസ് ആസ്ഥാനത്തുള്ള സൈബര്‍ പോലീസ് സ്റ്റേഷനാണ് നോഡല്‍ സൈബര്‍ സെല്ലായി മാറുക എന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പറയുന്നത്.


തിരുവനന്തപുരം: സ്ത്രീകള്‍ കുട്ടികള്‍ എന്നിവര്‍ക്കെതിരെ സൈബര്‍ ലോകത്ത് നടക്കുന്ന ആക്രമണം തടയുന്നതിനായി പ്രത്യേക സൈബര്‍ സെല്‍ നിലവില്‍ വരും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ ആക്രമണം തടയുന്നതിന്‍റെ ഭാഗമായി ഈ പരാതികള്‍ മാത്രം പരിഗണിക്കുന്ന നോഡല്‍ സൈബര്‍ സെല്ലാണ് രൂപീകരിക്കുന്നത്. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി ടോമിന്‍ തച്ചങ്കേരിയാണ് ഈ സെല്ലിന്‍റെ ചുമതല. പോലീസ് ആസ്ഥാനത്തുള്ള സൈബര്‍ പോലീസ് സ്റ്റേഷനാണ് നോഡല്‍ സൈബര്‍ സെല്ലായി മാറുക എന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പറയുന്നത്.

നേരത്തെ തന്നെ നോഡല്‍ സൈബര്‍ സെല്ലുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശം സംസ്ഥാനത്തിന് ഉണ്ടെങ്കിലും. അടുത്തിടെ ഉണ്ടായ ഹനാന്‍ സംഭവത്തിന് ശേഷമാണ് സംസ്ഥാന പോലീസ് ഈ കാര്യത്തില്‍ മുന്‍കൈ എടുക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്. ഈ പോര്‍ട്ടലുമായി ബന്ധപ്പെടുത്തിയായിരിക്കും നോഡല്‍ സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുക.

Latest Videos

undefined

സെല്ലിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് സൈബര്‍ ഡോമിന്‍റെ സേവനങ്ങള്‍ നല്‍കണമെന്ന് ചുമതലക്കാരനായ ഐജി മനോജ് എബ്രഹാമിനോട് പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ വിദഗ്ധന്‍ ആരുണ്‍ ജി ഭവ്നാനിയുടെയും സഹായത്തോടെയാവും നോഡല്‍ സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുക. 

155260 എന്ന ഹെല്‍പ്പ് ലൈനിലാണ് ഈ സെബര്‍ സെല്ലിന് പരാതികള്‍ കൈമാറേണ്ടത്. ഫോണിലൂടെ പരാതി സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പരാതിക്കാര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കുകയും, പരാതി റജിസ്ട്രര്‍ ചെയ്യുകയും ചെയ്യും. സെല്ലില്‍ പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്ക് ഉടന്‍ സാങ്കേതിക പരിശീലനം നല്‍കും.

click me!